ബംഗളൂരു- കർണാടകയിലെ ബല്ലാരിയിൽ ഇസ്ലാമിക് സ്‌റ്റേറ്റു(ഐ.എസ്)മായി ബന്ധമുണ്ടെന്ന് സംശയിച്ച് എട്ടു പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇവർ ഐ.ഇ.ഡി സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും എൻ.ഐ.എ അവകാശപ്പെട്ടു. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, ദൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിലാണ് എൻ.ഐ.എ റെയ്ഡ് നടത്തിയത്. സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന് തുടങ്ങിയ സ്‌ഫോടക വസ്തുക്കളുടെ ശേഖരവും ആയുധങ്ങളും നിർദ്ദിഷ്ട സ്‌െ്രെടക്കുകളുടെ വിശദാംശങ്ങളുള്ള രേഖകളും കണ്ടെടുത്തതായി തീവ്രവാദ വിരുദ്ധ ഏജൻസി അറിയിച്ചു. കഠാരകൾ, പണം, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു.
കർണാടകയിലെ ബല്ലാരിയിലും ബെംഗളൂരുവിലും മഹാരാഷ്ട്രയിലെ പൂനെയിലും മുംബൈയിലും ദൽഹിയിലും എൻഐഎയും പോലീസും നടത്തിയ ഈ ഓപ്പറേഷനുകളിൽ ഐ.എസിന്റെ ബെല്ലാരി മേഖലയിലെ നേതാവ് മുഹമ്മദ് സുലൈമാൻ എന്നറിയപ്പെടുന്ന മിനാസിനെയും അറസ്റ്റു ചെയ്തു. പരസ്പരം ആശയവിനിമയം നടത്താൻ പ്രത്യേകം ആപ്പുകൾ ഉപയോഗിച്ചിരുന്നു. കോളേജ് വിദ്യാർത്ഥികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച, മഹാരാഷ്ട്രയിലെ 40 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ എൻ.ഐ.എ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥലങ്ങളിലും ഏജൻസി റെയ്ഡ് നടത്തി. ഇന്ത്യൻ ആർമി യൂണിഫോമും ആയുധങ്ങളും വെടിക്കോപ്പുകളും പണവും ആഭരണങ്ങളും മറ്റും കണ്ടെടുത്തു.