ബംഗളൂരു- കർണാടകയിലെ കോലാറിലെ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളെ കൊണ്ട് കക്കൂസിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു. സംഭവത്തിൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയും അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തു. നാലു കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. രാത്രിയിൽ ഭാരമേറിയ സ്‌കൂൾ ബാഗുമായി കുട്ടികളെ മുട്ടുകുത്തി നിർത്തിപ്പിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. കോലാറിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. സ്‌കൂളിൽ 6 മുതൽ 9 വരെ ക്ലാസുകളിലായി 19 പെൺകുട്ടികൾ ഉൾപ്പെടെ 243 കുട്ടികളുണ്ട്. നാല് വിദ്യാർത്ഥികളെയെങ്കിലും സെപ്റ്റിക് ടാങ്കിൽ നിന്ന് ഇറക്കി കൈകൊണ്ട് വൃത്തിയാക്കിയെന്നാണ് പരാതി.
ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ തോട്ടിപ്പണി നിരോധിച്ചിരുന്നു. എങ്കിലും ഇപ്പോഴും ഇതേ രീതി തുടരുന്നുണ്ട്. ഇതുവഴി എല്ലാ വർഷവും നിരവധി മരണങ്ങൾ സംഭവിക്കുന്നു. സ്‌കൂളിലെ ശിക്ഷ എന്ന നിലയിലാണ് കുട്ടികളെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യിപ്പിച്ചത്.
മറ്റൊരു വീഡിയോയിൽ വിദ്യാർത്ഥികൾ ബാഗ് മുതുകിൽ വെച്ച് കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം ഉയർന്നു. പ്രശ്‌നത്തിൽ ഇടപെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ എന്നിവരെ അറസ്റ്റ് ചെയ്തു. അശ്രദ്ധയുടെയും കൃത്യനിർവ്വഹണത്തിലെ വീഴ്ചയുടെയും പേരിൽ ഇവരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.