തിരുപ്പതി-ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നന്തികൊട്ടൂര്‍ സ്വദേശികളായ വിജയ്കുമാര്‍(35) റുക്‌സാന(45) എന്നിവരെയാണ് കര്‍ണൂലിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. റുക്‌സാനയെ കൊലപ്പെടുത്തിയശേഷം വിജയ്കുമാര്‍ വിഷംകുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
റുക്‌സാനയും വിജയ്കുമാറും വിവാഹേതരബന്ധത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹിതരായ ഇരുവരും അടുത്തിടെയാണ് അടുപ്പത്തിലായത്. എന്നാല്‍, ഇവരുടെ ബന്ധം പുറത്തറിഞ്ഞതോടെ ഇരുകുടുംബങ്ങളിലും പ്രശ്‌നങ്ങളുണ്ടായി. ഇതാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് റുക്‌സാനയും വിജയ്കുമാറും ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ഇവരെ പുറത്തുകാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന് സംശയം തോന്നി. തുടര്‍ന്ന് ഏറെനേരം വാതിലില്‍മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയശേഷം വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മുറിക്കുള്ളില്‍ രണ്ടുപേരെയും ചോരയില്‍കുളിച്ചനിലയില്‍ കണ്ടത്. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മുറിയില്‍നിന്ന് ഒരു സിറിഞ്ചും പോലീസ് കണ്ടെടുത്തിട്ടുണ്ട്.റുക്‌സാനയെ കുത്തിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയശേഷം വിജയ്കുമാര്‍ വിഷംകുത്തിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ കര്‍ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.