ഷെഫായിം(ഇസ്രായിൽ)- ഗാസ മുനമ്പിൽ തന്റെ സഹോദരനെ ഇസ്രായിൽ സൈന്യം മനപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് കൊല്ലപ്പെട്ട ബന്ദിയുടെ സഹോദരൻ. ഇസ്രായിൽ സൈന്യം തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തിയ ബന്ദി അലോൺ ഷംരിസി(26)ന്റെ സഹോദരനാണ് ഇക്കാര്യം പറഞ്ഞത്. ഷാംരിസ്, യോതം ഹൈം, സമീർ എൽതലാൽഖ എന്നിവരെയാണ് ഇസ്രായിൽ സൈന്യം കൊന്നത്. ഷാംരിസിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് സഹോദരൻ ഇക്കാര്യം പറഞ്ഞത്. ബന്ദികളെ ഹമാസ് ഉപേക്ഷിച്ച ശേഷം സൈന്യം തന്നെ കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശവസംസ്‌കാര ചടങ്ങിൽ ഡസൻ കണക്കിന് ബന്ധുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. എഴുപത് ദിവസമാണ് തന്റെ മകൻ അടക്കമുള്ളവർ നരകത്തിൽ ജീവിച്ചതെന്ന് ഷംരീസിന്റെ അമ്മ ദിക്‌ല പറഞ്ഞു. ബന്ദികളെ കൊലപ്പെടുത്തിയതോടെ ഇസ്രായിൽ പ്രതിഷേധം ശക്തമായി. ഹമാസിന്റെ കയ്യിൽ നിലവിൽ 129 ബന്ദികളാണുള്ളത് എന്നാണ് വിവരം.