കുവൈത്ത് സിറ്റി- കുവൈത്ത് അമീറായിരുന്ന ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സ്വബാഹിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിലെത്തി. പുതിയ അമീർ ശൈഖ് മിശ്അൽ അൽ സ്വബാഹിന് സൗദി അറേബ്യയുടെ അനുശോചനം കിരീടാവകാശി അറിയിച്ചു. ഇന്ന് രാവിലെയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിലെത്തിയത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശമനുസരിച്ചാണ് കിരീടാവകാശി കുവൈത്തിലെത്തിയത്. ശൈഖ് നവാഫ് അൽഅഹമ്മദിന്റെ മൃതദേഹം അൽസിദ്ദിഖ് ഏരിയയിലെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം മറവു ചെയ്തു.