Sorry, you need to enable JavaScript to visit this website.

നിര്‍ണായക ഇന്ത്യ മുന്നണി യോഗം ചൊവ്വാഴ്ച, സീറ്റ് വിഭജനം പ്രധാന അജന്‍ഡ

ന്യൂദല്‍ഹി - അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേരും.  ദല്‍ഹിയിലെ അശോക ഹോട്ടലിലാണ് യോഗം ചേരുന്നത്. 26 പാര്‍ട്ടികളുടേയും നേതാക്കള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പശ്ചമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറ്റു കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.  
പാര്‍ലിമെന്റ് കെട്ടിടത്തിനുള്ളിലാണ് ആദ്യം യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പാര്‍ലമെന്റ് വളപ്പിനുള്ളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പരിമിതിയുണ്ടാകുമെന്ന് കണ്ടതോടെയാണ് യോഗം അശോക ഹോട്ടലിലേക്ക് മാറ്റിയത്്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദയനീയപരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ ചേരുന്ന ആദ്യ ഇന്ത്യ മുന്നണി യോഗമാണിത്. കോണ്‍ഗ്രസ് പരാജയം മുതലെടുത്ത്   പ്രധാനമന്ത്രി സ്ഥാനാര്‍ഥി  മോഹവുമായി ഇന്ത്യ മുന്നണിയിലെ വിവിധ മുഖ്യമന്ത്രിമാര്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് പ്രധാനമായും പ്രധാനമന്ത്രി മോഹവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം അടക്കം വിവിധ കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നേക്കുമെന്ന് സൂചനയുണ്ട്. സഖ്യത്തിന്റെ സീറ്റ് വിഭജനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും എങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യക്തയുണ്ടാകൂവെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിന് തയാറാകാത്തതാണ് പരാജയത്തിന് കാരണമായതെന്ന്  മുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന യോഗത്തില്‍  സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച പ്രധാന അജന്‍ഡയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. നേരത്തെ ചേര്‍ന്ന മുംബൈ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.  
ഇന്ത്യ മുന്നണി യോഗം അവസനിച്ചതിന് തൊട്ടുപിന്നാലെ, ഈ മാസം 21ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയും ചേരുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുക എന്നതാണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ പ്രധാന അജന്‍ഡ. എന്നാല്‍, ഇന്ത്യ മുന്നണി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍കൂടി ഈ പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തേക്കും. മുന്നണിയിലെ എല്ലാ പാര്‍ട്ടികളേയും ഒരുമിച്ച കൊണ്ടുപോകാന്‍ നേതൃപരമായ പങ്ക് പാര്‍ട്ടി വഹിക്കണമെന്നും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ നീക്കുപോക്കുകള്‍ ആവാമെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Latest News