Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഡില്‍ നക്‌സലുകളുമായി ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

റായ്പുര്‍- ഛത്തിസ്ഗഡിലെ സുഖ്മയില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സി. ആര്‍. പി. എഫ് സബ് ഇന്‍സ്‌പെക്റ്റര്‍ കൊല്ലപ്പെട്ടു. ഒരു കോണ്‍സ്റ്റബിളിന് പരുക്കേറ്റു. 

ആന്ധ്രപ്രദേശ് സ്വദേശിയായ എസ്. ഐ സുധാകര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ജാഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാവിലെ ഏഴു മണിയോടെയാണ് സി. ആര്‍. പി. എഫ് സംഘം പ്രദേശത്ത് പരിശോധന ആരംഭിച്ചതോടെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് നക്‌സലുകളെന്നു സംശയിക്കുന്ന നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ മാത്രം നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ രണ്ടിന് ബാസ്തര്‍ മേഖലയിലും ഡിസംബര്‍ 14ന് കാങ്കര്‍ ജില്ലയിലുമുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏഴു പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്. നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് ഞായറാഴ്ച ഉന്നതതല സമിതി വിളിച്ചു കൂട്ടി. കേന്ദ്രത്തിന്റെ സഹായത്തോടെ നക്‌സലുകളെ പൂര്‍ണമായി തുടച്ചു മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest News