ചണ്ഡിഗഡ്- ഇസ്രായിലിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറവ് നികത്താന്‍ ഹരിയാനയില്‍ നിന്ന് വിദഗ്ധ ജോലിക്കാരെ കൊണ്ടുപോകുന്നു. ഒരു ലക്ഷം രൂപ ശമ്പളത്തില്‍ പതിനായിരത്തോളം തൊഴിലാളികളാണ് ഇസ്രായിലിലേക്ക് പറക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്.
ഹരിയാനയില്‍ തൊഴിലില്ലായ്മയെ ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോജ്ഗര്‍ നിഗം വിദേശ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇസ്രായുലിലെ ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം കമ്പനി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
വിജ്ഞാപനം അനുസരിച്ച് പത്താം ക്ലാസാണ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത. ഉദ്യാഗാര്‍ഥികളുടെ പ്രായം 25നും 54നും ഇടയിലായിരിക്കണം. 1.34 ലക്ഷത്തോളം രൂപയാണ് ശമ്പളം പറയുന്നത്. ഉദ്യോഗാര്‍ഥികള്‍ വ്യവസായ മേഖലകളിലും സെറാമിക് ടൈലിങ്ങിലും പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. കൂടാതെ നിര്‍മ്മാണത്തിന്റെ പ്ലാനുകള്‍ മനസ്സിലാക്കുന്നതില്‍ പ്രവീണ്യം ഉള്ളവരുമാകണം. തൊണ്ണൂറായിരത്തോളം ഫലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതോടെയാണ് തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണമായത്.
ഇന്ത്യയില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഇസ്രായിലിലെ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇസ്രായിലുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്നാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞതിന്. അതിന് പിന്നാലെയാണഅ ഹരിയാന സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പേരെ ഇസ്രായിലിലേക്ക് അയക്കുന്നതെന്നാണ് ശ്രദ്ധേയം.
ഹരിയാനയിലെ തൊഴിലില്ലായ്മ 2014ന് ശേഷം 315 ശതമാനം വര്‍ധിച്ചുവെന്നാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രി രമേശ്വര്‍ തേളി വെളിപ്പെടുത്തിയത്. ഹരിയാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ആഗസ്റ്റ് വരെ 5,43,874 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 52,089 പേര്‍ ജിന്ത് ജില്ലയില്‍ നിന്നും 47,593 പേര്‍ കൈതല്‍ ജില്ലയില്‍ നിന്നും 42,446 പേര്‍ കര്‍ണാലില്‍ നിന്നും 34,642 പേര്‍ യമുനാ നഗറില്‍ നിന്നും ഉള്ളവരാണ്. ഗുര്‍ഗോണില്‍ നിന്നും 4,548 പേരും ഫരീദാബാദില്‍ നിന്നും 4,696 പേരും പഞ്ച്കുളയില്‍ നിന്നും 7,565 പേരും ജോലിക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇസ്രായിലിന് പുറമേ 50ഓളം പേര്‍ക്ക് ദുബായിലേക്കുള്ള തൊഴില്‍ വിജ്ഞാപനവും യു. കെയിലേക്കുള്ള 120 നഴ്സിങ് അവസരങ്ങളുടെ വിജ്ഞാപനവും ഹരിയാന പുറത്തിറക്കിയിട്ടുണ്ട്.