ന്യൂദൽഹി-പാർലമെന്റിനുള്ളിൽ നടന്ന ആക്രമണം അതീവ ഗൗരവമേറിയതാണെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞയാഴ്ച നടന്ന ആക്രമണം സംബന്ധിച്ച് ഇതാദ്യമായാണ് മോഡി പ്രതികരിച്ചത്. സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ഏതൊക്കെ ഘടകങ്ങളാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇത് ചർച്ച ചെയ്യേണ്ടതില്ല, വിശദമായ അന്വേഷണം വേണം- ദൈനിക് ജാഗരൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡി പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലോക്സഭാ ചേംബറിൽ രണ്ട് പേർ നുഴഞ്ഞുകയറി ടിയർ ഗ്യാസുകൾ പൊട്ടിച്ചത്. കേസുമായി ബന്ധപ്പെട്ട് ആറുപേർ ഇതോടകം അറസ്റ്റിലായിട്ടുണ്ട്. മണിപ്പൂരിലെ അക്രമം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വൻ സുരക്ഷാവീഴ്ചയിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടു. എന്നാൽ, ലോക്സഭയ്ക്കുള്ളിലെ സുരക്ഷ സെക്രട്ടേറിയറ്റിന്റെ പരിധിയിലാണെന്നും കേന്ദ്രത്തെ ഇടപെടാൻ അനുവദിക്കില്ലെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. 'ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്വത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. ഞങ്ങൾ അത് അനുവദിക്കില്ലെന്നായിരുന്നു ഓം ബിർളയുടെ മറുപടി.
സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്‌നമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 'ഞങ്ങൾ പാർലമെന്റിൽ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നു. പക്ഷേ ആഭ്യന്തര മന്ത്രി ഒന്നും പറയുന്നില്ല. പ്രസ്താവനയും നടത്തുന്നില്ല, അദ്ദേഹം ടിവി ഷോകളിൽ സംസാരിക്കുന്നു. ഇത് ജനാധിപത്യത്തിന് നല്ലതല്ല- അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർമാർ.
പാർലമെന്റിന്റെ സുരക്ഷ ലംഘിച്ച യുവാക്കൾ നരേന്ദ്ര മോഡി സർക്കാരിന്റെ നയങ്ങൾ കാരണം തൊഴിലില്ലാത്ത യുവാക്കളാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്, അത് രാജ്യത്തുടനീളം തിളച്ചുമറിയുകയാണ്, മോഡിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.