മക്ക - യുദ്ധം വേർപെടുത്തിയ സിറിയൻ സഹോദരന്മാർക്കും ഭാര്യമാർക്കും ഏഴു വർഷത്തിനു ശേഷം പുണ്യഭൂമിയിൽ പുനഃസമാഗമം. സഹോദരന്മാരിൽ ഒരാൾ ജോർദാനിലും രണ്ടാമൻ സിറിയയിലുമായിരുന്നു. ഏഴു വർഷമായി ഇവർ പരസ്പരം കണ്ടിട്ടില്ല. ഈ വർഷത്തെ ഹജിന് പുണ്യഭൂമിയിലേക്ക് തിരിക്കുന്ന കാര്യം ഇവർ പരസ്പരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ വെച്ചാണ് ദീർഘകാലത്തിനു ശേഷം സഹോദരങ്ങൾക്ക് പരസ്പം കാണുന്നതിന് സാധിച്ചത്.
കണ്ട മാത്രയിൽ ഇരുവരും കരഞ്ഞുകൊണ്ട് മിനിറ്റുകളോളം പരസ്പരം വാരിപ്പുണരുകയും ചുംബിക്കുകയും ചെയ്തു. വാരിപ്പുണരലിന്റെ ശക്തിയിൽ നിയന്ത്രണം വിട്ട് ഇരുവരും നിലത്ത് വീണു. ഈ സമയത്ത് ഇരുവരുടെയും ഭാര്യമാരും പരസ്പരം ആശ്ലേഷിച്ച് വേദനകൾ പങ്കുവെച്ചു. കണ്ടുനിന്ന എല്ലാവരും ആനന്ദാശ്രു പൊഴിച്ചു. സഹോദരങ്ങളായ സിറിയൻ തീർഥാടകരുടേയും ഭാര്യമാരുടേയും പുനഃസമാഗമ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.