കോഴിക്കോട് - കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ തനിക്കെതിരെ എസ് എഫ് ഐക്കാര്‍ പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം ഗസ്റ്റ് ഹൗസിന് പുറത്തെത്തിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഗവര്‍ണ്ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമടക്കമാണ് സര്‍വ്വകലാശാലാ ക്യാമ്പസില്‍ എസ് എഫ് ഐ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ശാഖയില്‍ പഠിച്ചത് ശാഖയില്‍ മതി, സര്‍വ്വകലാശാലയില്‍ വേണ്ടെന്ന് മലയാളത്തിലും 'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര് നോട്ട് വെല്‍ക്കം', എന്ന് ഇംഗ്ലീഷിലും 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്ന് ഹിന്ദിയിലും പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. ഇതെല്ലാം നീക്കം ചെയ്യാനാണ് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയത്.