ബെംഗളുരു - കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കടുത്ത ജാഗ്രതാ നടപടികളിലേക്ക് കടന്ന് കര്‍ണ്ണാടക. ഇത് സംബന്ധിച്ച് കര്‍ണ്ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ആരോഗ്യവകുപ്പ് ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ചു. കേരളത്തില്‍ കോവിഡ് പടരുന്നതില്‍ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തില്‍ സ്ഥിരീകരിച്ച ജെ. എന്‍. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിക്കും. ആശുപത്രികളില്‍ പനിയുമായി എത്തുന്നവര്‍ക്ക് കര്‍ശന സ്‌ക്രീനിംഗ് നടത്താനും നിര്‍ദേശം നല്‍കി. അതിര്‍ത്തി മേഖലകളിലെ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഐസിയു കിടക്കകള്‍, മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആരോഗ്യകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.