ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചത്.
അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ കേസിലാണ് നടപടി. 2018ല്‍ അമിത് ഷാ ബിജെപി അധ്യക്ഷനായിരുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുവെന്ന് ബി.ജെ.പി പറയുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലപാതക കേസിലെ പ്രതിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പരാമര്‍ശം. കേസില്‍ ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ എംപി-എംഎല്‍എ കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും രാഹുല്‍ ഹാജരായില്ലെന്നും വിജയ് മിശ്രയുടെ അഭിഭാഷകന്‍ പറഞ്ഞു.