ദില്ലി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബംഗാള്‍ കടുവയുമായി ഇണചേര്‍ത്ത വെള്ളകടുവ പ്രസവിച്ചു. മൂന്നു വയസ്സുള്ള നിര്‍ഭയ എന്ന വെള്ളകടുവയാണ് രണ്ട് കടുവക്കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കിയത്. അഞ്ച് വയസുള്ള ബംഗാള്‍ കടുവ കരണുമായി ഇണ ചേര്‍ന്നാണ് നിര്‍ഭയ ഗര്‍ഭിണിയായത്. 27 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇവിടെ കടുവ കുഞ്ഞുങ്ങളുണ്ടാകുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിയ സജ്ജീകരണമാണ് ദില്ലി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ള കടുവ കുട്ടികള്‍ക്ക് ജ•ം നല്‍കിയത്. നിര്‍ഭയയെയും കരണിനെയും ഇണചേരുന്നതിനായി ഒരു കൂട്ടിനുള്ളില്‍ പാര്‍പ്പിച്ചു. ഇരുവരും തമ്മില്‍ സൗഹൃദം ഉണ്ടാകുന്നില്ലെങ്കില്‍ മാറ്റി പാര്‍പ്പിക്കാം എന്നായിരുന്നു ധാരണയുണ്ടായിരുന്നത്. എന്നാല്‍ ഏവരേയും അതിശയിപ്പിച്ച് നിര്‍ഭയ ഗര്‍ഭിണിയാകുകയും കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കുകയും ചെയ്തു.
കടുവ കുഞ്ഞുങ്ങളെ സുരക്ഷിതരായി കിട്ടാന്‍ നിര്‍ഭയയെ അതീവ ശ്രദ്ധയോടെയായിരുന്നു അധികൃതരും ജോലിക്കാരും പരിപാലിച്ചത്. ഗര്‍ഭിണിയായ നിര്‍ഭയയുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. പതിവായി കൊടുക്കുന്ന 12 കിലോഗ്രാം മാംസത്തിന് പുറമേ 3 കിലോ ചിക്കന്‍, ഒരു മുട്ട, ഒരു ലിറ്റര്‍ പാല്‍ എന്നിവയാണ് ഭക്ഷണത്തില്‍ അധികം ഉള്‍പ്പെടുത്തിയത്.
1991ലാണ് ഇത്തരമൊരു പരീക്ഷണം ആദ്യമായി ദില്ലി മൃഗശാലയില്‍ നടത്തിയത്. അന്ന് മഞ്ഞ ബംഗാള്‍ കടുവ സുന്ദറിനെയും വെളുത്ത ബംഗാള്‍ കടുവ ശാന്തിയെയും ഇണ ചേര്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ മൃഗശാല അധികൃതര്‍ വിജയിച്ചിരുന്നു. വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് ശാന്തി പ്രസവിച്ചത്. രേണു സിങ്ങാണ് വെള്ളകടുവയുടെ പേര് നിര്‍ഭയ പുനര്‍നാമകരണം ചെയ്തത്.
മൃഗശാലയിലെ വെള്ള കടുവ വിജയിയുടെയും മഞ്ഞ ബംഗാള്‍ കടുവ കല്‍പനയുടെയും മകളാണ് നിര്‍ഭയ. 2014ല്‍ ദില്ലി മൃഗശാലയില്‍വച്ച് ഒരാളെ കടിച്ചു കീറിക്കൊന്ന കടുവയാണ് വിജയ്. 2015ലാണ് നിര്‍ഭയ ജനിച്ചത്. 2014ല്‍ മൈസൂര്‍ മൃഗശാലയില്‍ നിന്നും ദത്തെടുത്ത ബംഗാള്‍ കടുവയാണ് കരണ്‍.