വാഷിംഗ്ടണ്‍- ഖാലിസ്ഥാനി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വധശ്രമ ഗൂഢാലോചനയുടെ അന്വേഷണം സജീവമാക്കണമെന്ന് യു. എസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍- അമേരിക്കന്‍ അംഗങ്ങള്‍ ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടു. വ്യക്തമായ അന്വേഷണം നടന്നില്ലെങ്കില്‍ ഇന്ത്യ- യു. എസ് ബന്ധം വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കി.
ഡെമോക്രാറ്റ് അംഗങ്ങളായ ആമി ബേര, പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീതാനേദാര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അമേരിക്കയുമായുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ഗുരുതരമായ അനന്തരഫലങ്ങളാണുണ്ടാക്കുക.
അമേരിക്കന്‍ മണ്ണില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യ ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിഖില്‍ ഗുപ്ത എന്ന ഇന്ത്യന്‍ പൗരന്റെ കുറ്റപത്രത്തെക്കുറിച്ച് 'സമോസ കോക്കസ്' എന്ന് അനൗപചാരികമായി വിളിക്കപ്പെടുന്ന കോണ്‍ഗ്രസിലെ അഞ്ച് ഇന്ത്യന്‍-അമേരിക്കന്‍ അംഗങ്ങളുടെ കൂട്ടായ്മയ്ക്ക് യു. എസ് ഭരണകൂടം വിശദീകരണം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ജൂണിലാണ് പന്നൂനെതിരെ വധഗൂഢാലോചന നടത്തിയത്. തുടര്‍ന്നാണ് നവംബറില്‍ നിഖില്‍ ഗുപ്തയ്ക്കും ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമെതിരെ യു. എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് കുറ്റപത്രം തയ്യാറാക്കിയത്.
യു. എസ് രേഖകള്‍ പ്രകാരം പന്നൂന്റെ കൊലപാതകം നടപ്പിലാക്കാന്‍ ഗുപ്ത ഒരു വാടക കൊലയാളിയെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ ഈ വാടക കൊലയാളി യഥാര്‍ഥത്തില്‍ യു. എസ് നിയമ നിര്‍വ്വഹണ ഏജന്റായിരുന്നുവെന്നും ഇന്ത്യന്‍- അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ സംയുക്ത പ്രസ്താവന പറയുന്നു. ഇന്ത്യ പൂര്‍ണ്ണമായി അന്വേഷിക്കേണ്ടതും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈ കേസില്‍ ഉള്‍പ്പെട്ടവരെ അതിന്റെ ഉത്തരവാദികളായി കണക്കാക്കണമെന്നും ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കേണ്ടത് നിര്‍ണായകമാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വാഗതം ചെയ്തു. യു. എസ്- ഇന്ത്യ ബന്ധത്തിന്റെ സ്വാധീനം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ സഹായിക്കുമെന്ന് അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും പറഞ്ഞു.