Sorry, you need to enable JavaScript to visit this website.

നവഫെമിനിസ്റ്റ് പ്രസ്ഥാനത്തിനു തുടക്കമിട്ടവരെ ആദരിക്കുമ്പോൾ

വളരെ പ്രസക്തമായ ഒരു പരിപാടി ഡിസംബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്നു. കേരളത്തിൽ നവഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കവും തുടർച്ചയും നൽകി, അതിജീവനത്തിന്റെ സമര വീര്യത്തോടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സ്വന്തം ഇടം സൃഷ്ടിച്ചെടുത്ത സ്ത്രീ നേതൃത്വങ്ങളേയും അവരുടെ സംഭാവനകളേയും കൃത്യമായി അടയാളപ്പെടുത്തേണ്ടതും അവയെ കൊണ്ടാടേണ്ടതും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൂടിച്ചേരലാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ത തലങ്ങളിൽ കേരളത്തിലെ സ്ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്ത, സംഘടനാ രംഗത്തും സർഗാത്മക - ബൗദ്ധിക മേഖലകളിലും പ്രകാശിച്ചു പോന്ന എഴുപതു വയസ്സ് പിന്നിട്ട ആറു വ്യക്തിത്വങ്ങളെ ആദരിക്കുന്നു എന്നതാണ് പരിപാടിയുടെ ഹൈലൈറ്റ്. സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയൻ, വി.പി. സുഹറ, നളിനി ജമീല, നളിനി നായക് എന്നിവരാണവർ. മുൻകാല ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയ കാലത്തെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾക്കും അക്കാദമിക - സാംസ്‌കാരിക പ്രവർത്തകർക്കും സംവദിക്കാനുള്ള അവസരവും കൂടിയാണിതെന്ന് സംഘാടകർ പറയുന്നു. 
മേൽ സൂചിപ്പിച്ചവരും അവരുടെ സഹപ്രവർത്തകരുമടക്കമുള്ളവരുടെ നേതൃത്വത്തിൽ കേരളത്തിലെ നവഫെമിനിസ്റ്റ് പ്രസ്ഥാനം സജീവമായി നാലു പതിറ്റാണ്ടോളമായി. അതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങൾ നടന്നു. 
തങ്കമണിയിലെ പോലീസ് അഴിഞ്ഞാട്ടം, കുഞ്ഞീബി, ബാലാമണി, പി.ഇ. ഉഷ, സൂര്യനെല്ലി, കന്യാസ്ത്രീ സമരം, അഭയ കേസ്, മേരി റോയ്, ഡബ്ല്യൂ.സി.സി, ശബരിമല ലിംഗനീതി പോരാട്ടം, നഴ്‌സ് സമരം, അടുക്കള ബഹിഷ്‌കരണ സമരം, മൂന്നാർ, ഇരിപ്പു സമരം, കാമ്പസുകളിലെ കർഫ്യൂ, മി ടൂ, പ്രീത ഷാജി, അനുപമ, വാളയാർ, ലൈംഗിക തൊഴിലാളികൾ, ചുംബന സമരം, ക്വീർ രാഷ്ട്രീയം എന്നിങ്ങനെ പല പോരാട്ടങ്ങൾക്കും കേരളം സാക്ഷിയായി. അതിന്റെയെല്ലാം ഫലമായി കുറെ മാറ്റങ്ങളെല്ലാം ഉണ്ടായി. ഇപ്പോഴിതാ കേരളത്തിലെ ഒരു വിഭാഗം ഫെമിനിസ്റ്റുകൾ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തുല്യപ്രാതിനിധ്യം വേണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ മൂന്നിലൊന്നു സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കണമെന്നും പാർട്ടി നേതൃത്വങ്ങളിൽ സ്ത്രീകളെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലാണ്. 
ഇങ്ങനെയൊക്കെയാണെങ്കിലും ലിംഗനീതി എന്ന വിഷയത്തിൽ ഇനിയും കാര്യമായി മുന്നോട്ടു പോകാനോ ഒരു ആധുനിക സമൂഹമാകാനോ നമുക്കായിട്ടില്ല എന്നതാണ് വാസ്തവം. ഇടുക്കി, വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസാണ് അവസാന ഉദാഹരണം. കുട്ടികൾക്കെതിരായ ലൈംഗിക കടന്നാക്രമണങ്ങളിൽ വളരെ മുന്നിലാണ് കേരളം. അവയിൽ വലിയൊരു ഭാഗം കുടുംബങ്ങൾക്കുള്ളിൽ തന്നെ. പിന്നെ വിദ്യാലയങ്ങളിൽ. പ്രതികൾ ഭൂരിഭാഗവും ബന്ധുക്കളും അയൽപക്കക്കാരും അധ്യാപകരുമൊക്കെ തന്നെ. പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വളരെ കുറവ്. മിക്കപ്പോഴും കേസുകൾ അനന്തമായി നീളുന്നതിനാൽ നീതി ലഭിക്കുന്നില്ല. വണ്ടിപ്പെരിയാർ സംഭവത്തിൽ വിധി വരാൻ അധിക താമസമുണ്ടായില്ലെന്നത് ശരി. എന്നാൽ കേസ് അട്ടിമറിക്കപ്പെട്ടു എന്നു പറയുന്നത് കോടതി തന്നെയാണ്. സംഭവം കൊലപാതകം തന്നെ എന്നംഗീകരിച്ച കോടതി അന്വേഷണത്തിലും തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായതായി നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയുടെ രാഷ്ട്രീയമാണ് കേസന്വേഷണത്തിലെ വീഴ്ചക്ക് കാരണമെന്ന ആരോപണമുണ്ട്. 
പോയ വാരത്തിൽ ഭർതൃവീടുകളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയിൽ പല മരണങ്ങളും നമ്മുടെ സംസ്ഥാനത്തുനിന്നു തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവയിൽ പലതും കുറ്റകൃത്യമായ സ്ത്രീധനവുമായി ബന്ധപ്പെട്ടു തന്നെ. നമ്മുടെ കുടുംബങ്ങളെയെല്ലാം ഇപ്പോഴും നയിക്കുന്നത് പുരുഷാധിപത്യ- മനുസ്മൃതി മൂല്യങ്ങളാണെന്നതാണ് യാഥാർഥ്യം. കുടുംബങ്ങൾ മാത്രമല്ല മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം എല്ലാവിധ സംഘടനകളും അങ്ങനെ തന്നെ. ഇവയിലൊന്നും അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ ഇത്രയും കാലത്തെ ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 
തീർച്ചയായും നവോത്ഥാന കാലഘട്ടം എന്നു പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തിൽ നിരവധി സ്ത്രീ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീവിമോചനം എന്ന ആശയം അസന്ദിഗ്ധമായി പ്രഖ്യാപിച്ച് കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നത് 1980 കളിലാണ്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സ്ത്രീവിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പാർട്ടികളുടെ പോഷക സംഘടനകളായിരുന്നു. സ്ത്രീകളുടെ തനതായ പ്രസ്ഥാനം വർഗസമരത്തെ തുരങ്കം വെക്കുമെന്നായിരുന്നു ഇടതുപക്ഷ നിലപാട്.  ഇതിൽ നിന്ന് വ്യത്യസ്തമായി മാനുഷി, മാനവി, ചേതന, ബോധന, അന്വേഷി, പ്രചോദന തുടങ്ങി നിരവധി സ്വതന്ത്ര ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സംസ്ഥാനത്ത് രൂപം കൊണ്ടു. അവയിൽ പലതിന്റേയും നേതൃത്വത്തിൽ ഈ സമ്മേളനത്തിൽ ആദരിക്കപ്പെടുന്നവർ തന്നെയായിരുന്നു. ഈ സംഘടനകൾ അധികകാലം പ്രവർത്തിച്ചില്ല എങ്കിലും അതു നൽകിയ സന്ദേശമേറ്റെടുത്ത് പല മേഖലകൡലും സ്ത്രീ സംഘടനകൾ രൂപംകൊണ്ടു. 1990 ൽ കോഴിക്കോട്ട് നടന്ന ഫെമിനിസ്റ്റ് സംഘടനകളുടെ അഖിലേന്ത്യ സമ്മേളനവും അതിനു പ്രചോദനമായി. കോട്ടയം കുറിച്ചിയിലെ ദളിത് വിമൻ സൊസൈറ്റി, കുടമാളൂർ സ്ത്രീ പഠനകേന്ദ്രം, തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപം കൊണ്ട സേവ, സഖി, തീരദേശ മഹിളാവേദി, സ്ത്രീവേദി, സമത, നിസ, സഹജ, പെൺകൂട്ട് തുടങ്ങി പല സ്ത്രീസംഘടനകളും തുടർന്ന് സജീവമായി. വൈവിധ്യമാർന്ന പല മേഖലകളിലും സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ കേരളത്തിന്റെ ജനകീയ സമര ചരിത്രത്തിന്റെ ഭാഗമാണ്. സി.കെ. ജാനു, മയിലമ്മ, വിനയ, ചിത്രലേഖ, ജസീറ, ഗോമതി, ലിസി, നളിനി ജമീല, ജയശ്രീ, സിസ്റ്റർ ആലീസ്, മാഗ്ലിൻ, സിസ്റ്റർ ജസ്മി, വിജി പെൺകൂട്ട്, സിസ്റ്റർ ലൂസി, പി. ഗീത, കെ.കെ. രമ, വിനയ, വി.സി. ജെന്നി, രേഖാരാജ്, കുസുമം ജോസഫ്, സുൽഫത്ത്  എന്നിങ്ങനെ ഈ പട്ടിക നീളുന്നു. കേരളത്തിലിന്നു സജീവമായ പരിസ്ഥിതി സംരക്ഷണ സമരങ്ങളിലും ക്വാറികൾക്കെതിരായ പോരാട്ടങ്ങളിലും വികസനത്തിന്റെ പേരിൽ നടപ്പാക്കുന്ന അന്യായമായ കുടിയൊഴിപ്പിക്കലുകൾക്കെതിരായ സമരങ്ങളിലും മത്സ്യത്തൊഴിലാളി സമരങ്ങളിലും മുഖ്യ ശക്തി സ്ത്രീകൾ തന്നെ.
 സൈബർ രംഗത്താകട്ടെ പുരുഷാധിപത്യത്തിനും വർണാധിപത്യത്തിനുമെതിരെ ശക്തമായി പോരാടുന്ന പെൺകുട്ടികളുടെ ഒരു നിര തന്നെ ഉയർന്നു വന്നിട്ടുണ്ട്.  മറുവശത്ത് സാഹിത്യം, കല, നാടകം പോലുള്ള മേഖലകളിലെ സ്ത്രീ പോരാട്ടങ്ങളും ശക്തമായിരുന്നു. പെണ്ണെഴുത്ത് എന്ന പദം തന്നെ സാഹിത്യത്തിൽ രൂപം കൊണ്ടു. ദളിത് ഫെമിനിസവും മുസ്‌ലിം ഫെമിനിസവും ശക്തിപ്പെടുന്നു. അതേസമയം മുഖ്യധാരയിൽ ഉണ്ടായ ഒരു പ്രധാന മുന്നേറ്റം ഒരുപാട് പരിമിതികളോടെയാണെങ്കിലും കുടുംബശ്രീ മാത്രമാണ്. മേൽസൂചിപ്പിച്ച ഈ പോരാട്ടങ്ങളിൽ മിക്കവയോടും നമ്മുടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. നടികളും കന്യാസ്ത്രീകളും കാണിച്ച ആർജവം പോലും പാർട്ടി വനിതകൾ കാണിക്കാത്തത് അത്ഭുതകരമാണ്. 
നമ്മുടെ പ്രസ്ഥാനങ്ങളിലെ പുരുഷാധിപത്യത്തിന്റെ രൂക്ഷതയാണത് വെളിവാക്കുന്നത്. മമതയെയോ ജയലളിതയെയോ മായാവതിയെയോ സുഷമ സ്വരാജിനെയോ വൃന്ദ കാരാട്ടിനെയോ പോലുള്ള നേതാക്കളൊന്നും ഇവിടെയുണ്ടാകാത്തതിനു കാരണം മറ്റൊന്നല്ല. ഈ സാഹചര്യത്തിലാണ് 70 കഴിഞ്ഞ ഈ പോരാളികളെ ആദരിക്കുന്നത് ഏറെ പ്രസക്തമാകുന്നത്.

Latest News