കോഴിക്കോട് - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കീലേരി അച്ചുവായി മാറിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ് എഫ് ഐ വീഴില്ലെന്ന് ആര്‍ഷോ പറഞ്ഞു. പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങള്‍ തടസ്സപ്പെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നതെന്നും ആര്‍ഷോ കുറ്റപ്പെടുത്തി. സെനറ്റില്‍ യൂ ഡി എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആര്‍ഷോ പറഞ്ഞു. ഗവര്‍ണര്‍ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 150 ലേറെ പൊലീസുകാരെ ഗവര്‍ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാര്‍ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും