Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് സുരക്ഷാ പിഴവ്; പ്രതികള്‍ക്ക് വേറെയും പദ്ധതി ഉണ്ടായിരുന്നുവെന്ന് പോലീസ്

ലളിത് ഝാ

ന്യൂദല്‍ഹി- പാര്‍ലമെന്റിലെ അപ്രതീക്ഷിത പ്രതിഷേധം വിജയിച്ചില്ലെങ്കില്‍ വേറേയും പദ്ധതി ഉണ്ടായിരുന്നതായി പ്രതികളിലൊരാളായ ലളിത്  ഝാ പോലീസ് മുമ്പാകെ വെളിപ്പെടുത്തി.
പാര്‍ലമെന്റ് പ്രതിഷേധത്തില്‍ ദല്‍ഹി പോലീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഇന്ന് പ്രതിഷേധം പുനരാവിഷ്‌കരിക്കും. നിലവില്‍ നടപ്പിലാക്കിയ പ്ലാന്‍ എ അല്ലാതെ പ്ലാന്‍ ബിയും മുഖ്യസൂത്രധാരന്‍ ലളിത് ഝാ തയാറാക്കിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ നീലത്തിനും അമോലിനും പാര്‍ലമെന്റിന് സമീപം എത്താന്‍ സാധിച്ചില്ലെങ്കില്‍ മഹേഷും കൈലാഷും മറ്റൊരു ദിശയില്‍ നിന്ന് പാര്‍ലമെന്റിനകത്ത് കയറണമെന്നും കളര്‍ ബോംബുകള്‍ പൊട്ടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളിക്കണമെന്നുമായിരുന്നു പ്ലാന്‍ ബി. എന്നാല്‍ സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാല്‍ ശര്‍മ്മയുടെ വീട്ടില്‍ മഹേഷും കൈലാഷിനും എത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് എന്ത് വില കൊടുത്തും പാര്‍ലമെന്റിന് പുറത്ത് ഏല്‍പ്പിച്ചിരിക്കുന്ന ചുമതല പൂര്‍ത്തിയാക്കാന്‍ അമോലിനോടും നീലത്തോടും നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ലളിത് ഝാ പോലീസിനോട് പറഞ്ഞു.  ഒളിവില്‍ പോകാനും ലളിത് പദ്ധതിയിട്ടിരുന്നു. ഈ പദ്ധതി പ്രകാരം ലളിതിനെ രാജസ്ഥാനില്‍ ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യാനുള്ള ചുമതല മഹേഷിന് നല്‍കുകയായിരുന്നു. മഹേഷ് തന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് ലളിതിന് ഗസ്റ്റ് ഹൗസില്‍ താമസം ഒരുക്കി.  ലളിത്, മഹേഷ്, കൈലാഷ് എന്നിവര്‍ തുടര്‍ച്ചയായി ടിവിയില്‍ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ടിവിയിലൂടെ വീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 ലളിതും മഹേഷും വ്യാഴാഴ്ച രാത്രി കര്‍ത്തവ്യ പാത പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.  ലളിത് ഝാ, സാഗര്‍, മനോരഞ്ജന്‍ എന്നിവര്‍ കഴിഞ്ഞവര്‍ഷം മൈസൂരുവില്‍വെച്ചാണ് പാര്‍ലമെന്റില്‍ കടന്നുകയറി പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തതെന്നാണ്  പോലീസ് കണ്ടെത്തിയത്. ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തും.

 

Latest News