Sorry, you need to enable JavaScript to visit this website.

യു.എസ് കമ്മീഷന്‍ വീണ്ടും മോഡി സര്‍ക്കാരിനെതിരെ; വിദേശത്തും മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു

വാഷിംഗ്ടണ്‍- വിദേശത്തും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്ത്യക്കെതിരെ വീണ്ടും യു.എസ് സമിതി. യു.എസ് മതസ്വാതന്ത്ര്യ നിയമത്തിന് കീഴില്‍ ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് യു.എസ് മതസ്വാതന്ത്ര്യ നിരീക്ഷണ ഏജന്‍സി  വീണ്ടും ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
വിദേശത്തുള്ള ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപകാല ശ്രമങ്ങള്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന്
സ്വതന്ത്ര ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷനായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) പറഞ്ഞു.
മത, വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യ വ്യവസ്ഥാപിതമായി തന്നെ  ലംഘനങ്ങള്‍ തുടരുകയാണെന്നും ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്നും കമ്മീഷന്‍  യു.എസ് വിദേശകാര്യ വകുപ്പിനോട് അഭ്യര്‍ഥിച്ചു.
കാനഡയില്‍ സിഖ് പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിലും മറ്റൊരു സിഖ് പ്രവര്‍ത്തകനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കുണ്ടെന്ന് യു.എസ്.സി.ആര്‍.ഐ.എഫ് കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് പറഞ്ഞു.

വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ടിനോട്  പ്രതികരിച്ചില്ല. അതേസമയം, രാജ്യത്ത് ഒരു തരത്തിലുള്ള വിവേചനവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിക്കാറുണ്ട്.
പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച ന്യൂയോര്‍ക്ക് നഗരവാസിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടൊപ്പം പ്രവര്‍ത്തിച്ചതായി മാന്‍ഹട്ടനിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഈ മാസം ആരോപിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ചൈന ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായി തുടരുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങള്‍ നരേന്ദ്ര മോഡി സര്‍ക്കാരിനും ബൈഡന്‍ ഭരണകൂടത്തിനും തലവേദന സൃഷ്ടിക്കുന്നതാണ്.
1998ലെ യു.എസ്. മതസ്വാതന്ത്ര്യ നിയമത്തിന് കീഴില്‍  പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന്  2020 മുതല്‍ ഓരോ വര്‍ഷവും ശുപാര്‍ശ ചെയ്തിരുന്നതായി യു.എസ് സമതി വ്യക്തമാക്കി. സ്വയമേവ നടപ്പാകില്ലെങ്കിലും  ഉപരോധങ്ങളും ഇളവുകള്‍ പിന്‍വലിക്കുന്നതും ഉള്‍പ്പെടെ നയപരമായ നിരവധി നടപടികള്‍ നിര്‍ദേശിക്കുന്നതാണ് ഈ നിയമം.
ഇന്ത്യയിലെ അടിച്ചമര്‍ത്തല്‍ ഇപ്പോള്‍ വിദേശത്ത് താമസിക്കുന്ന  മതന്യൂനപക്ഷങ്ങളെ കൂടി ലക്ഷ്യം വെക്കുന്നതിനാല്‍ പ്രത്യേകിച്ചും അപകടകരമാണെന്നും അവഗണിക്കാന്‍ കഴിയില്ലെന്നും യു.എസ്.സി.ഐ.ആര്‍.എഫ്  കമ്മീഷണര്‍ ഡേവിഡ് കറി പറഞ്ഞു.
2020ല്‍ ആദ്യമായി ഇന്ത്യക്കെതിരെ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയപ്പോള്‍ പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ്  ഇന്ത്യന്‍  വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരുന്നത്.

 

Latest News