ടെല്‍അവീവ്- ഹമാസ് തടവിലുള്ള ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രായില്‍ തുടരുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ബന്ദികളുടെ കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ബന്ദികളുടെ കുടുംബങ്ങള്‍ നിരാഹാര സമരം ആരംഭിക്കുന്നതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ തുടരുന്ന ആക്രമണത്തിലൂടെ ഹമാസിനെ മുട്ടുകുത്തിക്കാനാകുമെന്നും അവരെ കൂടുതല്‍ വിട്ടുവീഴ്ചകളുമായി ചര്‍ച്ചക്കെത്തിക്കാനാകുമെന്നും കണക്കുകൂട്ടിയാണ് ഹമാസുമായുള്ള ബന്ദി വിമോചന ചര്‍ച്ചകള്‍ നെതന്യാഹു സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. ഇതില്‍ ബന്ദികളുടെ കുടുംബങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അടുത്ത ദിവസങ്ങളില്‍, ഗാസയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ നിരവധി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. എന്തുകൊണ്ട് അവരെ രക്ഷിക്കാനായില്ലെന്നാണ് കുടുംബങ്ങള്‍ ചോദിക്കുന്നത്.
ഓരോ ദിവസവും കടന്നുപോകുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ കൂടുതല്‍ അപകടത്തിലാകുകയാണെന്നാണ് ബന്ദികളുടെ കുടുംബങ്ങള്‍ വാദിക്കുന്നത്.