ചാവക്കാട്- താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പ് നടത്തിയതിനെ തുടർന്ന് ഇടതുകാൽ തളർന്ന സംഭവത്തിൽ ഡോക്ടറെയും നഴ്‌സിനെയും അന്വേഷണ വിധേയമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധം. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ഡി.എം.ഒയെയും തടഞ്ഞു.
ആശുപത്രിയിൽ ഒ.പിയിൽ സേവനം തുടരുന്നതിനെ തുടർന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ സൂപ്രണ്ടിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. സമരത്തെ തുടർന്ന് സൂപ്രണ്ട് ഡി.എം.ഒയെ ബന്ധപ്പെടുകയും ഡി.എം.ഒ ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹോസ്പിറ്റലിൽ സന്ദർശിക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തിയ അന്വേഷണ സംഘത്തെയും യൂത്ത് ലീഗ് പ്രവർത്തകർ വളഞ്ഞുവെച്ചു.
നിലവിൽ ഇപ്പോഴും ഒ.പിയിൽ ഡ്യൂട്ടിയിൽ തുടരുന്ന ഡോക്ടറെ മാറ്റി നിർത്താതെ പിരിയില്ലെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെടുകയും ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുകയും ഡോക്ടറെ അന്വേഷണ വിധേയമായി മാറ്റിനിർത്താൻ നിർദേശിക്കുകയും ചെയ്തു.
കാരണക്കാരായ മുഴുവനാളുകൾക്കെതിരെയും നടപടി ഉണ്ടാകണമെന്നും വിദ്യാർഥിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നും സർക്കാർ തലത്തിൽ നഷ്ടപരിഹാരം നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഉടൻ തന്നെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഡി.എം.ഒ ഉറപ്പു നൽകിയതിനെ തുടർന്നാണ് യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചത്.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി കബീർ ഫൈസി, ജില്ലാ സെക്രട്ടറി ഷജീർ പുന്ന, മണ്ഡലം ട്രഷറർ എം.സി ഗഫൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റാഫി അണ്ടത്തോട്, ആരിഫ് പാലയൂർ, യൂത്ത് ലീഗ് നേതാക്കളായ റിയാസ് തെക്കഞ്ചേരി, ഹനീഫ ഒരുമനയൂർ, പി.എ അഷ്‌കർ അലി, പി.കെ അലി എന്നിവർ സമരത്തിൽ പങ്കെടുത്തു.