പാരീസ്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരുടെ അഭൂതപൂര്‍വമായ അക്രമം തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും വെള്ളിയാഴ്ച ഇസ്രായിലിനോട് അഭ്യര്‍ഥിച്ചു.
ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത ആഹ്വാനത്തിലാണ് അഭ്യര്‍ഥന. എന്നാല്‍ ജര്‍മ്മനി, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവ ഇതില്‍ പങ്കാളികളായില്ല. ഒക്ടോബര്‍ ആദ്യം മുതല്‍ തീവ്രവാദ കുടിയേറ്റക്കാര്‍ നടത്തിയ അഭൂതപൂര്‍വമായ നിരവധി ആക്രമണങ്ങള്‍ പ്രസ്താവന എടുത്തുകാണിച്ചു. നിരവധി ഫലസ്തീനികള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായിലിന്റെ കുടിയേറ്റ നയം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ട്, പ്രസ്താവനയില്‍ ഒപ്പിട്ട രാജ്യങ്ങള്‍ അധിനിവേശ ശക്തി എന്ന നിലയില്‍, വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കണം എന്നും ഈ അക്രമത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും പറഞ്ഞു.
'തീവ്രവാദ' ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പിന്തുണച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന വരുന്നത്.
ഒക്‌ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തെ സ്‌പെയിന്‍ പോലുള്ള ചില അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചപ്പോള്‍, ജര്‍മ്മനി ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ നെതന്യാഹു ഭരണകൂടത്തിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നു.