പാലക്കാട്- എ.വി. ഗോപിനാഥിനെതിരേ കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തതിനെച്ചൊല്ലി പെരിങ്ങോട്ടുകുറുശ്ശിയില്‍ പാര്‍ട്ടിക്കകത്ത് കലാപം മുറുകുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ അനുയായികളുടെ ആലോചന. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് തിരിച്ചടി നല്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗോപിനാഥുമായി അടുത്ത ബന്ധമുള്ള ഒരു നേതാവ് മലയാളം ന്യൂസിനോട് പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഗോപിനാഥ് പക്ഷം അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഗോപിനാഥിനെ അപമാനിച്ചതിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് സഹപ്രവര്‍ത്തകരുടെ പൊതുവികാരം. കോണ്‍ഗ്രസ് തനിച്ചു ഭരിക്കുന്ന പഞ്ചായത്തിലെ പാര്‍ട്ടി അംഗങ്ങളെല്ലാം മുതിര്‍ന്ന നേതാവിനൊപ്പം ഉറച്ചു നില്‍ക്കുന്നവരാണ്. നവകേരള സദസ്സില്‍ പങ്കെടുത്തതിന്റെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് ഗോപിനാഥിനെ സസ്പെന്റ് ചെയ്തു കൊണ്ട് കെ.പി.സി.സി പത്രക്കുറിപ്പ് ഇറക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിറകേ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്ക്കാന് പെരിങ്ങോട്ടുകുറുശ്ശിയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചാല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയാകും. ആലത്തൂരില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന രമ്യ ഹരിദാസ് എ.വി ഗോപിനാഥിനെ കാണാന്‍ രണ്ടു തവണ പെരിങ്ങോട്ടുകുറുശ്ശിയിലെത്തിയിരുന്നു. പ്രാദേശികനേതാക്കളുമായും അവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. വിഷയത്തില്‍ തല്ക്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. കൂടുതല്‍ പ്രകോപനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ജില്ലയിലെ നേതാക്കള്‍.
സി.പി.എം നേതാക്കള്‍ എ.വി.ഗോപിനാഥുമായി പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇടതുപക്ഷത്തോടൊപ്പം ചേരാനാണ് ക്ഷണം. എന്നാല്‍ മുതിര്‍ന്ന നേതാവ് ഇതുവരെ മനസ്സു തുറന്നിട്ടില്ല.