Sorry, you need to enable JavaScript to visit this website.

സയണിസവും വംശദേശമെന്ന സങ്കൽപവും

ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച് ആന്റി സെമിറ്റിസത്തിന്റെ (യഹൂദ വിരോധം) ഇരയായതിനാൽ വിയന്നയിലേക്ക് താമസം മാറ്റേണ്ടിവന്ന കുടുംബത്തിലെ 18 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്, രാഷ്ട്രീയ സയണിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന തിയോഡർ ഹെർസൽ. പ്രമുഖ ഓസ്ട്രിയൻ പത്രമായ ന്യൂ ഫ്രീ പ്രസിൽ പ്രസിദ്ധീകരിച്ച ഒരു രേഖാചിത്രം ജീവിതത്തിൽ വഴിത്തിരിവായി. ആ പത്രത്തിന്റെ പാരീസ് ലേഖകനായി അദ്ദേഹത്തെ നിയമിച്ചു. ബാരിസ്റ്റർ ഡിഗ്രിയാണ് വിയന്ന യൂനിവേഴ്‌സിറ്റിയിൽനിന്നും ലഭിച്ചതെങ്കിലും കലയിലും സാഹിത്യത്തിലുമായിരുന്നു അദ്ദേഹത്തിന്റെ അഭിരുചി. കലയുടെയും ഫ്രഞ്ച് വിപ്ലവത്തിന്റെയും മണ്ണായ പാരീസിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. അവിടെയും ജൂതർ ആന്റി സെമിറ്റിസത്തിന്റെ ഇരകളാണ്.
 ഒരു പത്രപ്രവർത്തകന്റെ കണ്ണിലൂടെ വിഷയത്തെ പഠിച്ച അദ്ദേഹത്തിന്, മുഖ്യധാരയിൽനിന്ന് അകലം കാത്തുസൂക്ഷിക്കുന്ന യഹൂദന്റെ സവിശേഷ രീതിയാണ് പ്രശ്നമെന്ന് ബോധ്യപ്പെട്ടെങ്കിലും രൂഢമൂലമായ സാമൂഹിക രാഷ്ട്രീയ യാഥാർഥ്യം യഹൂദൻ പൊതുസമൂഹത്തിന്റെ ഭാഗമായതുകൊണ്ട് പരിഹരിക്കപ്പെടില്ലെന്നും അവനെതിരെയുള്ള വെറുപ്പ് നീങ്ങണമെങ്കിൽ യഹൂദരുടെ സംഘടിതമായ പ്രതിപ്രവർത്തനം മാത്രം കൊണ്ടേ സാധ്യമാകൂ എന്നും അദ്ദേഹം മനസ്സിലാക്കി. സഹസ്രാബ്ദങ്ങളായി ജൂതൻ അടിച്ചമർത്തപ്പെടുകയാണ്. ഒരു പത്ര വാർത്ത, അല്ലെങ്കിൽ പള്ളിയിൽനിന്നുള്ള ഒരു ദുസ്സൂചന; ഇത്രയൊക്കെ   മതിയായിരുന്നു ഒരു പട്ടണത്തിലെ ഡസൻ കണക്കിന് ജൂതരെ മണിക്കൂറുകൾ കൊണ്ട് കൊന്നൊടുക്കാൻ, നൂറുകണക്കിന് ജൂത ഭവനങ്ങൾ ചുട്ടെരിക്കാൻ, സ്ത്രീകളുടെ മാനം കവരാൻ, ആയിരങ്ങളെ ആട്ടിപ്പായിക്കാൻ.
 ഫ്രാൻസിൽ ആൽഫ്രഡ് ഡ്രെഫ്യൂസ് എന്ന ജൂത പട്ടാള മേധാവിക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ശിക്ഷയാണ് തിയോഡറിനെ ഒരു സയണിസ്റ്റാക്കി മാറ്റിയത്. സയോൺ മല എന്നറിയപ്പെടുന്ന പ്രദേശമുണ്ടായിരുന്നു പഴയ ജറൂലമിൽ. ഡേവിഡ് രാജാവിന്റെ (ദാവൂദ് നബി) സിംഹാസനം അവിടെയാണെന്നും അതല്ല, ജൂത ദൈവമായ യഹോവയുടെ ഇരിപ്പിടമാണെന്നും യഹൂദർ വിശ്വസിക്കുന്നു. പഴയ വേദത്തിലും പുതിയ ബൈബിളിലുമായി 152 തവണ സയോൺ വന്നിട്ടുണ്ട്. അതിൽനിന്നാണ് സയണിസം എന്ന വാക്ക് ഉണ്ടായത്.
 ഹെർസലിന് മുമ്പ് പലരും ഒരു ജൂതരാഷ്ട്രത്തെ കുറിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ബെഞ്ചമിൻ ഡിസ്രേലിയുടെ ഒരു നോവൽ (ടാൻഗ്രഡ്) ഈ ഇതിവൃത്തമാണ്. കാറൽ മാർക്‌സിന്റെ സുഹൃത്തായ മോസസ് ഹെസ് ഒരു പുസ്തകം (റോം ആന്റഅ ജറൂസലം -1862) എഴുതിയിട്ടുണ്ട്. 1871 ൽ റഷ്യയിലെ ഒഡേസയിൽ ജൂതർക്ക് നേരെ വംശഹത്യ അരങ്ങേറി. ജൂതരെ പൊതുസമൂഹമായി ബന്ധിപ്പിക്കുവാൻ സാംസ്‌കാരികമായി പണിയെടുത്തിരുന്ന ലിയോ പിൻസ്‌കർ എന്ന ഡോക്ടറിൽ ഇതൊരു ആഘാതമുണ്ടാക്കിയെങ്കിലും അദ്ദേഹം ജനാധിപത്യവാദിയായി തന്നെ തുടർന്നു. അങ്ങനെയിരിക്കേയാണ് 1881 ൽ വീണ്ടും ഒഡേസയിൽ ജൂതവംശഹത്യ അരങ്ങേറിയത്. അതോടെ പിൻസ്‌കർ ഒരു ജൂതദേശീയതയുടെ വക്താവായി മാറി. 1882 ൽ ജർമൻ ഭാഷയിൽ പേരുവെക്കാതെ ഇറക്കിയ ഒരു ലഖുലേഖയിലാണ് ആദ്യമായി ജൂതരാഷ്ട്ര സങ്കൽപം മൂർത്ത രൂപം പ്രാപിക്കുന്നത്. പിൻസ്‌കറാണ് ഹെർസലിന്റെ മുൻഗാമി എന്നർത്ഥം. 
 അദ്ദേഹം ബ്രിട്ടന് മേൽ നിരന്തരം സമ്മർദം ചെലുത്തി. ആദ്യം ബ്രിട്ടൻ അവരുടെ കൈവശമുള്ള ഈജിപ്തിലെ സീനായ് പ്രദേശം ജൂതർക്കായി വിട്ടുകൊടുക്കാമെന്ന് പറഞ്ഞു. പിന്നീടാണ് ഉഗാണ്ടയിലേക്കെത്തുന്നത്. എന്നാൽ  പാരീസിൽ ബാരൻ ഡി ഹിർക് എന്ന ധനികൻ ജൂതരെ അർജന്റീനയിൽ പാർപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നു. ഇതിലൊന്നും തൃപ്തനാവാതെ ഹെർസൽ ഫലസ്തീൻ മനസ്സിൽ കൊണ്ടുനടന്നു, അതിനായി പിന്നീടുള്ള ഏഴ് വർഷങ്ങൾ അശ്രാന്ത പരിശ്രമം നടത്തി. ബാസൽ (സ്വിറ്റ്്്‌സർലാന്റ്്) സമ്മേളനത്തിന്റെ ശേഷം അദ്ദേഹം ഡയറിയിൽ ഇങ്ങനെ കുറിച്ചു, 'ബാസൽ കോൺഗ്രസിനെ ഒരു വാക്കിൽ സംഗ്രഹിക്കണമെങ്കിൽ - അത് ഞാൻ പരസ്യമായി ചെയ്യില്ല - അത് ഇതായിരിക്കും: ബാസലിൽ വെച്ച് ഞാൻ ജൂതരാഷ്ട്രം സ്ഥാപിച്ചു. ഇന്ന് ഞാൻ ഇത് പറഞ്ഞാൽ, എന്നെ സ്വാഗതം ചെയ്യുന്നത് പരിഹാസച്ചിരികളാണ്. ഒരുപക്ഷേ അഞ്ച് വർഷത്തിനുള്ളിൽ, അല്ലെങ്കിൽ തീർച്ചയായും അമ്പത് വർഷത്തിനുള്ളിൽ എല്ലാവരും അത് കാണുക തന്നെ ചെയ്യും'. ഹെർസലിന്റെ വാക്കുകൾ യാഥാർഥ്യമായി, ബാസൽ സമ്മേളനം കഴിഞ്ഞ് അമ്പത്തിയൊന്നാം വർഷം ഇസ്രായിൽ പിറവിയെടുത്തു.
 16, 17 നൂറ്റാണ്ടുകളിൽത്തന്നെ ജൂതർക്കിടയിൽ രണ്ടു ചേരികൾ ഉണ്ടായിരുന്നു. ജനാധിപത്യത്തോട് ചേർന്നുകൊണ്ട് തദ്ദേശീയരുടെ സംസ്‌കാരത്തിൽ ലയിച്ചുചേർന്ന് ആന്റി സെമിറ്റിസത്തെ നേരിടുകയാണ് ശരിയായ വഴിയെന്ന പക്ഷമാണ് അതിൽ പ്രമുഖം. പതിനെട്ടാം നൂറ്റാണ്ടിൽ ഈ ആശയത്തെ പ്രകാശിപ്പിക്കുന്ന അഷ്‌കല എന്ന പേരിൽ യഹൂദ ജ്ഞാനോദയ പ്രസ്ഥാനങ്ങളും യഹോവ സാക്ഷികളും രംഗത്തു വന്നു. മറുവിഭാഗം യഹൂദ ദേശീയതക്കു വേണ്ടി നിലകൊണ്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഈ ദേശീയവാദികൾ എല്ലാം ചേർന്ന് ഒറ്റ പ്രസ്ഥാനമായി മാറിയതാണ് സയണിസം.   അതുവരെ കിഴക്കൻ യൂറോപ്പിലെ വംശീയോന്മൂലന ഘട്ടങ്ങളിൽ ചിലർ ഫലസ്തീനിൽ പോയി ആലിയകൾ (ജൂത സെറ്റിൽമെന്റുകൾ) സ്ഥാപിച്ചിരുന്നത് വ്യവസ്ഥാപിതമായി മാറി. അതിനായുള്ള പ്രത്യേകം പദ്ധതികളും സാമ്പത്തിക സമാഹരണവും രാഷ്ട്രീയ കരുനീക്കങ്ങളും നടന്നു.
 ഒന്നും രണ്ടും ലോക യുദ്ധങ്ങളിൽ മറക്കു പിറകിൽ നിന്നുകൊണ്ട് കൃത്യമായി അവർ കളിച്ചു. ബ്രിട്ടനെ വരുതിയിൽ നിർത്തി. അമേരിക്കയെ കളത്തിലിറക്കി. ആദ്യം യൂറോപ്യൻ മണ്ണിൽനിന്നും പിന്നീട് അറബ് ദേശത്തുനിന്നും തുർക്കിയെ നിഷ്പ്രഭമാക്കി. സാമ്പത്തിക സ്ഥാപനങ്ങൾ (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മാത്രമല്ല, ഫെഡറൽ ബാങ്കുകൾ വരെ) ജൂത സമ്പന്നരുടെ നിയന്ത്രണത്തിലാക്കി. ആയുധക്കച്ചവടത്തിൽ പിടിമുറുക്കി. മാധ്യമങ്ങൾ, വ്യവസായങ്ങൾ, വ്യാപാരം എന്നിവ ജൂതരുടേത് മാത്രമാണെന്ന് ഉറപ്പ് വരുത്തി. ആന്റി സെമിറ്റിസത്തെ ദ്യോതിപ്പിക്കുന്ന ഒന്നും വാർത്തകളിലോ സിനിമകളിലോ രാഷ്ട്രീയ രംഗത്തോ  ഉണ്ടാവില്ലെന്ന് വ്യവസ്ഥയുണ്ടാക്കി. ലീഗ് ഓഫ് നാഷനും ഐക്യരാഷ്ട്ര സംഘടനയും കുത്തകയാക്കി. ചെറിയൊരു സംഘം എല്ലാം നിയന്ത്രിച്ചു. വൻശക്തികൾ അവരുടെ ഇംഗിതങ്ങളുടെ ചൊൽപടിക്കാരായി മാറി.
 ഇന്ന് സയണിസം ഒരു യഹൂദ പ്രസ്ഥാനം മാത്രമല്ല, ജൂതരേക്കാൾ കൂടുതൽ അംഗങ്ങൾ ക്രിസ്ത്യൻ അംഗങ്ങളാണ്. സയണിസമാണ് ഇസ്രായിലുണ്ടാക്കിയത്. ഇസ്രായിൽ വന്നില്ലെങ്കിൽ മിശിഹ വരില്ലെന്നാണ് ബൈബിളിൽ ഉള്ളത്. അതിനാൽ, തങ്ങളുടെ ദൈവപുത്രൻ ഭൂമിയിൽ വന്നുകാണാൻ വേണ്ടി യഹൂദ രാഷ്ട്രം സൃഷ്ടിക്കുകയായിരുന്നു എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളും. അവസാന കാലഘട്ടത്തിലെ സംഭവ വികാസങ്ങൾ അരങ്ങേറുവാൻ ആവശ്യമായ നിലമൊരുക്കുവാൻ രൂപീകൃതമായ പ്രസ്ഥാനമാണ് സയണിസം. താനൊരു സയണിസ്റ്റാണെന്ന് ക്രിസ്ത്യാനിയായ ജോ ബൈഡൻ പറഞ്ഞതിന്റെ പൊരുൾ മറ്റൊന്നല്ല. തങ്ങൾ സയണിസത്തോടൊപ്പമാണ്, സയണിസത്തിന്റെ നയങ്ങൾ ഞങ്ങളുടേതും കൂടിയാണ് എന്നതാണ് അതിന്റെ  അകംപൊരുൾ.

Latest News