Sorry, you need to enable JavaScript to visit this website.

അസാധാരണ സുരക്ഷാ വീഴ്ച

ഇന്ത്യയിൽ, ചില കെട്ടിടങ്ങളും ഘടനകളും നിർമിതികളുമുണ്ട്, അവ സുരക്ഷ കോട്ടകളാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളാണവ. പാർലമെന്റ് മന്ദിരം അതിലൊന്നാണ്. അത് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. 140 കോടി ഇന്ത്യക്കാരുടെ ശക്തിയുടെയും കരുത്തിന്റെയും വിളക്ക്. ഈ വർഷമാദ്യം ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദിരം മുമ്പത്തേതിനേക്കാൾ സുരക്ഷ കൂടിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ബുധനാഴ്ച രണ്ട് പേർ മുഴുവൻ സുരക്ഷ സംവിധാനങ്ങളും ലംഘിച്ച് പാർലമെന്റിന്റെ പ്രധാന ഹാളിലേക്ക് നുഴഞ്ഞുകയറി വെല്ലിന് അടുത്തെത്തുകയും ചില പാർലമെന്റ് അംഗങ്ങളും പാർലമെന്റ് സുരക്ഷ ജീവനക്കാരും അവരെ കീഴടക്കുകയും ചെയ്തു. ഇതോടെ ഒരു വലിയ പിഴവ് രാജ്യത്തിന് മുമ്പാകെ തുറന്നുകാട്ടപ്പെട്ടു- സുരക്ഷ സംവിധാനത്തിലെ വളരെ വളരെ ഗുരുതരമായ പിഴവ്.

ബുധനാഴ്ച പാർലമെന്റിനുള്ളിൽ ഏതാനും നിമിഷമെങ്കിലും എം.പിമാർ ഞെട്ടിവിറച്ചു. ഏതോ വിഷവാതകം പാർലമെന്റിനുള്ളിൽ സ്‌പ്രേ ചെയ്‌തെന്ന് കരുതി അവർ ചകിതരായി. സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ ചിലർ നടത്തിയ അവിവേകമെന്ന് പിന്നീടത് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും സുരക്ഷ വീഴ്ച വ്യക്തമാണ്. ആഭ്യന്തര മന്ത്രി തൃപ്തികരമായ വിശദീകരണം നൽകുമോ...

2001 ഡിസംബർ 13 ന് നടന്ന പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും നേതൃത്വത്തിൽ മുഴുവൻ പാർലമെന്റ് അംഗങ്ങളും ആദരാഞ്ജലികൾ അർപ്പിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് നമ്മുടെ സുരക്ഷ സംവിധാനത്തിന്റെ മുഖത്ത് ആഞ്ഞടിച്ച സംഭവം ഉണ്ടായത്. ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അധികൃതർ പാർലമെന്റ് ഹൗസിലും പരിസരത്തും സുരക്ഷ വലയം തീർത്തിരുന്നു. അത്തരം സുരക്ഷ കവചങ്ങൾ ഉണ്ടായിരുന്നിട്ടും രണ്ട് നുഴഞ്ഞുകയറ്റക്കാർക്ക് അവിടെയെത്താൻ കഴിഞ്ഞു എന്നത്, സുരക്ഷ, ഇന്റലിജൻസ് വൃത്തങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നു.


സർക്കാർ പെട്ടെന്ന് പ്രതികരിക്കുകയും എന്താണ് സംഭവിച്ചതെന്നും എന്ത് പിഴവാണ് ഉണ്ടായതെന്നും കണ്ടെത്താൻ ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. 
മറ്റെല്ലാ ഉന്നതതല സമിതികളെയും പോലെ, തീർച്ചയായും തെറ്റ് എന്താണെന്ന് കണ്ടെത്തുകയും അതിന്റെ ശുപാർശകൾ അനുസരിച്ച് തിരുത്തൽ നടപടികൾ നടപ്പാക്കുകയും ചെയ്യും. എന്നാൽ ആദ്യം എങ്ങനെ പിഴവ് ഉണ്ടായി എന്നതാണ് ഉത്തരം ലഭിക്കേണ്ട ചോദ്യം. കൂടുതൽ ഭയാനകവും ദുഷ്‌കരവുമായ ഒരു സംഭവം മുമ്പ് നടന്നിരുന്നു. അന്വേഷണ കമ്മീഷൻ അന്നും രൂപീകരിച്ചു. ഇത്തരം സംഭവങ്ങളുടെ ആവർത്തനം ഉണ്ടാകാതിരിക്കാൻ എങ്ങനെ ക്രമീകരണങ്ങൾ നടത്തണം എന്നതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളും നൽകിയിരുന്നു. പിന്നെ എങ്ങനെയാണ് വീണ്ടും ഒരു പിഴവുണ്ടായത്? ഇതാണ് പ്രധാന ചോദ്യം. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. പല തലകളും ഉരുളേണ്ടി വരും, സുരക്ഷ ഘടന മുഴുവൻ അഴിച്ചുപണിയേണ്ടി വരും.
പാർലമെന്റിൽ നുഴഞ്ഞുകയറിയവർ അപകടകരമായ വസ്തുക്കളും വാതകങ്ങളും കൈവശം വെച്ചിരുന്നെങ്കിൽ എന്ത് നാശമാണ് സൃഷ്ടിക്കപ്പെടുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാർലമെന്റ് സുരക്ഷയുടെ ഉത്തരവാദിത്തമുള്ള രഹസ്യാന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും സുരക്ഷ ഏജൻസികളുടെയും കൂട്ടായ പരാജയമാണിത്. 
പ്രാഥമിക വിവരമനുസരിച്ച് ആകെ നാല് പേരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ചക്കൂർ ഗ്രാമത്തിൽനിന്നുള്ള അമോൽ ഷിൻഡെ എന്ന വ്യക്തിയാണ് ഒരാൾ. മറ്റൊരാൾ മൈസൂരിൽ നിന്നുള്ള സാഗർ ശർമ്മയാണ്.  ഭാരതീയ ജനത പാർട്ടി പാർലമെന്റ് അംഗം  ഒപ്പിട്ടതും അദ്ദേഹത്തിന്റെ പേരുള്ളതുമായ സന്ദർശക ഗാലറിക്കുള്ള എൻട്രി പാസ് ഇയാളിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഗാലറിയിൽ പ്രവേശനം ലഭിച്ചത്.
ഇത് ശരിയാണെങ്കിൽ, എങ്ങനെയാണ് ഈ അക്രമികൾക്ക് ഒരു എം.പി ഒപ്പിട്ട പ്രവേശന പാസ് ലഭിച്ചത്? രണ്ട് ചെറുപ്പക്കാർ ഗ്യാസ് കുപ്പികൾ സോക്‌സിൽ ഒളിപ്പിച്ച് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ എത്തിയതെങ്ങനെ?
ആക്രമണമോ സുരക്ഷ ലംഘനമോ സംഭവിക്കുമ്പോഴെല്ലാം സ്ഥാപനവും അധികാരികളും സുരക്ഷ സംവിധാനങ്ങളും ഉണർന്ന് തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും അതേ തരത്തിലുള്ള ആക്രമണമോ നുഴഞ്ഞുകയറ്റമോ വീണ്ടും ഉണ്ടാകാതിരിക്കുകയും ചെയ്യുമെന്നാണ് സാധാരണ വിശ്വസിക്കുന്നത്. മിക്ക കേസുകളിലും  അത് ശരിയാകാറുണ്ട്. പക്ഷേ ഇത്തവണ സംഭവിച്ചത് വിരോധാഭാസമാണ്. 22 വർഷം മുമ്പ് ഭയാനകമായ പാർലമെന്റ് ആക്രമണം നടന്ന ദിവസം തന്നെ ഇന്ത്യയെ, ഭരണകൂടത്തെ ഞെട്ടിക്കാൻ അക്രമികൾക്ക് സാധിച്ചത് ലജ്ജാകരം മാത്രമല്ല, നമ്മുടെ സുരക്ഷ ഏജൻസികളുടെ കാര്യക്ഷമതയെക്കുറിച്ച വ്യക്തമായ ചിത്രം കൂടിയാണ്.
വിശദമായ അന്വേഷണ റിപ്പോർട്ട് പുറത്തു വരും മുമ്പു തന്നെ സംഭവത്തിന് ഭീകരവാദ സ്വഭാവമൊന്നുമില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ളവർ എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് കരുതേണ്ടത്. കേരളത്തിൽ ഒരു ട്രെയിനിലുണ്ടായ ചെറിയ അക്രമ സംഭവം പോലും അന്വേഷിക്കാൻ എൻ.ഐ.എ കുതിച്ചെത്തിയത് ഓർക്കുമ്പോൾ ഇവിടെയും അത്തരം നീക്കങ്ങൾ ഉണ്ടാകുമെന്ന് തന്നെ കരുതണം. സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കാൻ സർക്കാർ തന്നെ ശ്രമിക്കുമെന്നതാണ് മറ്റൊരു വശം. കാരണം സുരക്ഷ വീഴ്ചയെന്നത് സർക്കാരിന്റെ പരാജയമാണ്. അതിനാൽ വലിയ തോതിലുള്ള സുരക്ഷ വീഴ്ചയുണ്ടെന്ന് സമ്മതിക്കുന്നത് സർക്കാരിന്റെ പ്രതിഛായ കെടുത്തും.
2001 ലെ ആക്രമണവും കഴിഞ്ഞ ദിവസത്തെ സംഭവവും നേരിൽ കണ്ട എം.പിമാരുണ്ട്. അവർ പറയുന്നത് അന്നത്തേത് ഭീകരാക്രമണവും ഇപ്പോഴത്തേത് സുരക്ഷ വീഴ്ചയുമാണെന്നാണ്. എന്തായാലും സുരക്ഷ വീഴ്ച സർക്കാരിന് വലിയ കളങ്കമാണ് വരുത്തിയിട്ടുള്ളത്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ല. 
ഈ വീഴ്ചയുടെ പ്രാഥമിക ഉത്തരവാദിത്തത്തിൽനിന്ന് അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഒഴിഞ്ഞു മാറാനാവില്ല. പ്രതാപ് സിംഹക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇയാളെ ലോക്‌സഭയിൽനിന്ന് പുറത്താക്കണമെന്നുപോലും അവർ പറയുന്നു. പാർലമെന്റ് ലോഗിൻ പാസ്‌വേഡ് ദുബായിലെ ഒരു വ്യവസായി ആക്‌സസ് ചെയ്തതിന്റെ പേരിൽ അംഗത്വം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പുറത്താക്കിയതിന് സമാനമായി സിംഹയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. 
കോൺഗ്രസ് എം.പി മാണിക്കം ടാഗോർ തന്റെ എക്‌സ് ഹാൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള സിംഹയുടെ ചിത്രം പങ്കുവെച്ചു. മിസ്റ്റർ പ്രതാപ് സിംഹ പാർലമെന്റ് ആക്രമിച്ചവർക്ക് പാസ് നൽകി. പാസ് നൽകിയ ബി.ജെ.പി എം.പിക്കെതിരെ നടപടിയെടുക്കുമോ? എപ്പോൾ? ഒരു എം.പി പാസ്‌വേഡ് കൊടുത്തതിന് അവരുടെ സീറ്റ് നഷ്ടപ്പെട്ടു. രണ്ട് എം.പിമാർക്ക് രണ്ട് നിയമങ്ങളാണോ... എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി പൊതുജനങ്ങൾക്ക് മുന്നിൽ വിശദമായി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റ് മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതുമാണ്. ഈ അക്രമത്തെ ഞാൻ അപലപിക്കുന്നു. ഇത് സുരക്ഷ സംവിധാനത്തിലെ വീഴ്ചയാണെന്ന് വ്യക്തമാണ്. ഇത് നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രിയുടെ കടമയാണ്. ന്യായമായ അന്വേഷണം നടത്തി സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുക -സിദ്ധരാമയ്യ പറഞ്ഞു. 
എല്ലാവരും വിരൽ ചൂണ്ടുന്നത് ആഭ്യന്തര മന്ത്രിക്ക് നേർക്കാണ്. രാജ്യത്തിന് വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതുമായ മറുപടി അദ്ദേഹം നൽകുമോ....

Latest News