മാവേലിക്കര - ആറു വയസ്സുകാരിയായ മകൾ നക്ഷത്രയെ കൊന്ന കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. പ്രതിയെ ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുമ്പാകെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയോടെ ശാസ്താംകോട്ടയിൽ വച്ചാണ് സംഭവം.
കൂടയുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി പ്രതി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. മകളെ കൊന്നതിന് പിന്നാലെ ജയിലിൽ വച്ച് പ്രതി ബ്ലെയ്ഡ് ഉപയോഗിച്ച് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
2023 ജൂൺ ഏഴിന് രാത്രിയാണ് മകളെ മഴു ഉപയോഗിച്ച് ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. ആദ്യ ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിന് മകൾ തടസ്സമാണെന്ന കണ്ടതോടെയാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.