ലഖ്‌നൗ- ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ ജഡ്ജി നല്‍കിയ പരാതിക്കത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് ഇടപെട്ടു. ഉത്തര്‍ പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. ഉടന്‍ മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തനിക്ക് മരിക്കാന്‍ അനുമതി നല്‍കണമെന്ന് വനിതാ ജഡ്ജ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും രാത്രി വീട്ടില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
കരിയറില്‍ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും കത്തില്‍ വിശദമാക്കുന്നു. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നതെങ്കിലും നീതിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥയാണുള്ളതെന്നും കത്തില്‍ പറുന്നു.
ഡയസില്‍ പോലും മോശം പദങ്ങള്‍ കൊണ്ട് അപമാനിക്കപ്പെട്ടു. പലപ്പോഴായി ഇത്തരം ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നു. ഇന്ത്യയിലെ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങള്‍ സഹിച്ച് ജീവിക്കാന്‍ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും ജഡ്ജി കത്തില്‍ വിശദമാക്കുന്നു.