Sorry, you need to enable JavaScript to visit this website.

45 ലക്ഷം രൂപ വീതം ഈടാക്കി വില്‍പന നടത്തിയത് 300 കുട്ടികളെ

മുംബൈ- മുന്നൂറോളം കുട്ടികളെ അമേരിക്കയിലേക്ക് കടത്തിയ സംഘത്തിന്റെ തലവന്‍ മുംബൈയില്‍ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശിയായ രാജുഭായ് ഗാംലെവാലയാണ് പിടിയിലായത്. അമേരിക്കയില്‍ എത്തിക്കുന്ന ഒരു കുട്ടിക്ക് 45 ലക്ഷം രൂപയാണ് 2007 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സംഘത്തിനു ലഭിച്ചിരുന്നത്.
 
രാജുഭായിയുടെ സംഘത്തിലെ കൂട്ടാളികളെ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ അമേരിക്കയിലെത്തിച്ച കൂട്ടികളുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഗുജറാത്തിലെ ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള 11-16 വയസ്സുകാരെയാണ് അമേരിക്കയിലേക്ക് കടത്തിയിരുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 
അമേരിക്കയില്‍നിന്ന് രാജുഭായിക്ക് ഓര്‍ഡര്‍ ലഭിക്കുന്നതോടെ പണത്തിനുവേണ്ടി കുട്ടികളെ അയക്കാന്‍ തയാറുള്ള കുടുംബങ്ങളെ കണ്ടെത്താന്‍ കൂട്ടാളികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു പതിവ്. ഇങ്ങനെ ലഭിക്കുന്ന കുട്ടികളുമായി സാദൃശ്യമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിച്ചിരുന്നത്.  സാദൃശ്യമുള്ള കുട്ടികളേയും പാസ്‌പോര്‍ട്ടുകളും കണ്ടെത്താനും ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. കുടുംബങ്ങളില്‍നിന്ന് പാസ്‌പോര്‍ട്ടുകള്‍ വാടകക്കെടുക്കയായിരുന്നു പതിവ്.
 
അമേരിക്കയിലേക്ക് പോകാന്‍ തയാറുള്ള കാര്യര്‍മാരെ കണ്ടെത്തി കുട്ടികളുടെ മുഖത്ത് മേക്കപ്പ് ചെയ്താണ് അയച്ചിരുന്നത്. കുട്ടികളെ അമേരിക്കയിലെത്തിച്ച ശേഷം കാര്യര്‍മാര്‍ തിരിച്ചെത്തിയാല്‍ കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് മടക്കി നല്‍കും.
വെര്‍സോവയിലെ ഒരു സലൂണില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് മേക്കപ്പിടുന്നുവെന്ന വിവരം നടി പ്രീതി സൂദിന് ലഭിച്ചതോടെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പ്രീതി സലൂണിലെത്തിയപ്പോള്‍ മൂന്ന് ആളുകള്‍ കുട്ടികള്‍ക്ക് വേണ്ട മേക്കപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് കണ്ടത്. വേശ്യാലയങ്ങളിലേക്ക് കൊണ്ടുപോകാനായിരിക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും അമേരിക്കയിലേക്കുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് അയക്കാനാണെന്നാണ് കുട്ടികളോടൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. രണ്ട് പേരെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പിക്കാന്‍ നടിക്ക് സാധിച്ചുവെങ്കിലും മൂന്നാമന്‍ കുട്ടികളുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകനടക്കം നാല് പേര്‍ അറസ്റ്റിലായി.
കൂട്ടാളികളുമായി ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന വാട്‌സ് ആപ്പ് നമ്പര്‍ പിന്തുടര്‍ന്നാണ് രാജുഭായിയെ അറസ്റ്റ് ചെയ്തത്. 2007 ല്‍ പാസ്‌പോര്‍ട്ട് കൃത്രിമത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രമിനിലാണ് രാജുഭായി.

Latest News