ടെല്‍അവീവ്- ഗാസയില്‍ ഹമാസുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ട രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതോടെ ഗാസയില്‍ കരയുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 118 ആയി. ശാമുവേല്‍ അരാദി (19), യൂരിയല്‍ പിസേം (23) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ രണ്ട് സൈനികരുടെയും ഒരു സിവിലിയന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇസ്രായില്‍ പ്രതിരോധ സേന വെള്ളിയാഴ്ച അറിയിച്ചു. നിക് ബെയ്‌സര്‍ (19) റോണ്‍ ഷെര്‍മാന്‍ (19) എന്നീ സൈനികരുടേയും ഫ്രഞ്ച്-ഇസ്രായില്‍ പൗരനായ 28 കാരന്‍ എലിയ ടോളെഡാനോ എന്നിവരുടെ മൃതദേഹങ്ങളാണ് ഗാസയില്‍ ഇസ്രായില്‍ സൈനികര്‍ കണ്ടെടുത്തത്.
ഹമാസുമായുള്ള യുദ്ധം അവസാനിക്കാൻ മാസങ്ങൾ ഇനിയും വേണ്ടിവരുമെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.