Sorry, you need to enable JavaScript to visit this website.

മഥുര മസ്ജിദ് സര്‍വേ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കും

മഥുര-മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരത്ത് കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കൃഷ്ണ ജന്മഭൂമി കേസിലെ മുസ്ലിം പക്ഷം തീരുമാനിച്ചു.
ഹൈക്കോടതി വിധിയെ സമിതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും അഭിഭാഷകനുമായ തന്‍വീര്‍ അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.
കോടതി വിധിക്കെതിരെ സാധ്യമായ ഏത് നിയമ നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മസ്ജിദ് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) വക്താവ് ഖാസിം റസൂല്‍ ഇല്യാസും പറഞ്ഞു. ബോര്‍ഡിന്റെ നിയമ സമിതി ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിക്ക് എല്ലാ സഹായവും നല്‍കുമെന്ന് പറഞ്ഞു. 1991ല്‍ ബാബരി മസ്ജിദ് തര്‍ക്കത്തിനിടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ആരാധനാലയങ്ങളുടെ സ്ഥിതി 1947ലെ അതേ നിലയിലായിരിക്കുമെന്നാണ് നിയമം വ്യക്തമാക്കിയത്.
ഇതിനുശേഷം പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതിയതെന്നും എന്നാല്‍ രാജ്യത്ത് സമാധാനത്തിലും സൗഹാര്‍ദത്തിലും താല്‍പര്യമില്ലാത്തവരും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വിദ്വേഷം സൃഷ്ടിക്കുന്നവരും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം നിറവേറ്റാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാഹി ഈദ്ഗാഹ് സമുച്ചയത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള സര്‍വേ നടത്താന്‍ ഹൈക്കോടതി വ്യാഴാഴ്ചയാണ് അനുമതി നല്‍കിയത്.
മസ്ജിദ് സര്‍വേയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കാന്‍ കോടതി സമ്മതിച്ചു, ഇത് ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടെന്നാണ് ഹരജിക്കാര്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്.
ഡിസംബര്‍ 18 ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കലില്‍ സര്‍വേയുടെ രീതികള്‍ ചര്‍ച്ച ചെയ്യുമെന്ന് ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിന്‍ പറഞ്ഞു.

 

Latest News