ന്യൂദല്‍ഹി- അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ ദല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ നടക്കും.
കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന വാജ്പേയിയുടെ ഭൗതികശരീരത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു.
ഒരുമണിയോടെ ബിജെപി ദേശീയ ആസ്ഥാനത്തുനിന്ന് വിലാപയാത്ര ആരംഭിക്കും. നാലുമണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും.
മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ക്കു മധ്യേയാണ് സ്മൃതി സ്ഥല്‍ സ്ഥിതി ചെയ്യുന്നത്. മുന്‍പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ അന്ത്യവിശ്രമസ്ഥലവും സ്മൃതി സ്ഥലില്‍ ആണ്.
വ്യാഴാഴ്ച വൈകിട്ട് ദല്‍ഹിയിലെ എയിംസിലായിരുന്നു വാജ്പേയിയുടെ അന്ത്യം. വൃക്കരോഗബാധയെ തുടര്‍ന്ന് ജൂണ്‍ 11 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച വൈകിട്ടോടെയാണ് വഷളായത്.