ന്യൂദല്‍ഹി- പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതിനെതിരെ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ലോകസഭയില്‍ നിന്നും മഹുവയെ അയോഗ്യയാക്കിയത്. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്രയെ സി ബി ഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. എം പി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ എം പി എന്ന നിലയില്‍ അനുവദിച്ച വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമെന്നും മഹുവ മൊയ്ത്ര അറിയിച്ചു.