Sorry, you need to enable JavaScript to visit this website.

പുരുഷന്‌ കൈ കൊടുക്കാത്തതിനാല്‍ ജോലി നിഷേധിച്ചു; കോടതിയില്‍ മുസ്ലിം യുവതിക്ക് ജയം

പുരുഷനുമായി ഹസ്തദാനത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമുഖത്തില്‍ ജോലി നിഷേധിച്ച സ്വീഡിഷ് മുസ്്‌ലിം വനിതക്ക് അനുകൂലമായി വിധി. ഹസ്തദാനത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പരിഭാഷക ജോലിക്കുള്ള അഭിമുഖം റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വീഡിഷ് ലേബര്‍ കോടതിയെ സമീപിച്ച യുവതിക്കാണ് അനുകൂല ഉത്തരവ് ലഭിച്ചത്.
 
കഴിഞ്ഞ വര്‍ഷമാണ് ഫറാഹ് അല്‍ഹാജ എന്ന 24 കാരി ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുത്തത്. ഇന്റര്‍വ്യൂ ചെയ്തയാള്‍ക്ക് കൈ കൊടുക്കാതെ കൈ നെഞ്ചോട് ചേര്‍ത്താണ് ഫറാ അഭിവാദ്യം ചെയ്തിരുന്നത്.

സ്വീഡനില്‍ വിവേചനത്തിനെതിരായ ഓംബുഡ്‌സ്മാന്‍ കേസില്‍ യുവതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. യുവതിയോട് വിവേചനം കാണിച്ചുവെന്ന് കുറ്റപ്പെടുത്തിയ കോടതി 40,000 ക്രോണര്‍ (4350 ഡോളര്‍) നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

ലിംഗവിവേചനമില്ലാതെ എല്ലാ തൊഴിലാളികളേയും ഒരുപോലെ കാണുകയെന്നതാണ് തങ്ങളുട  നയമെന്നാണ് ഇന്റര്‍വ്യൂ നടത്തിയ കമ്പനി ലേബര്‍ കോടതിയില്‍ വാദിച്ചത്. പുരുഷനായ സഹപ്രവര്‍ത്തകനുമായി ഹസ്തദാനത്തിനു വിസമ്മതിച്ച ഫറായുടെ നടപടി തങ്ങളുടെ നയത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി.

അടുത്ത ബന്ധുക്കളുമായല്ലാതെ അന്യ പുരുഷന്മാരുമായി ഹസ്തദാനത്തിനു വിസമ്മതിക്കുന്ന മുസ്ലിം സ്ത്രീകളുണ്ട്.
സത്രീകളും പുരുഷന്മാരുമുള്ള വേദികളില്‍ പുരുഷനെ മാറ്റി നിര്‍ത്തിയെന്ന് തോന്നാതിരിക്കാന്‍ പുഞ്ചിരിച്ചും നെഞ്ചില്‍ കൈവെച്ചുമാണ് സ്ത്രീകളേയും അഭിവാദ്യം ചെയ്യാറുള്ളതെന്ന് ഫറാ വാദിച്ചു.
ഫറാ ഉന്നയിച്ച മതപരമായ വാദങ്ങള്‍ മനസ്സിലാക്കാനാവുന്നതാണെന്ന് ലേബര്‍ കോടതി വ്യക്തമാക്കി. ഇത് തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിനു കാരണമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി ഉത്തരവിനുശേഷം ഫറാ പ്രതികരിച്ചു. മറ്റുള്ളവരെ ഹനിക്കാത്തിടത്തോളം ദൈവത്തില്‍ വിശ്വസിക്കാനുള്ള ഒരാളുടെ അവകാശം അംഗീകരിക്കപ്പെടേണ്ടതാണ്. എന്റെ രാജ്യത്ത് സ്ത്രീകളേയും പുരുഷന്മാരേയും വേറിട്ടു കാണാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീയും പുരുഷനുമുള്ള വേദികളില്‍ രണ്ടുപേര്‍ക്കും ശാരീരിക സ്പര്‍ശനം ഒഴിവാക്കുന്നത്. മതത്തിന്റെ വിലക്കുകള്‍ പാലിക്കുന്നതോടൊപ്പം രാജ്യത്തെ നിയമങ്ങളും പാലിച്ചുകൊണ്ടുതന്നെ ജീവിക്കാനാകുമെന്നും ഫറാ പറഞ്ഞു.

Latest News