ന്യൂദൽഹി- ലോക്സഭയിലുണ്ടായ വൻ സുരക്ഷാവീഴ്ചയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സസ്‌പെന്റ് ചെയ്ത എം.പി മാരുടെ എണ്ണം പതിനഞ്ചായി. ഇന്ന് പാർലമെന്റ് പുനരാരംഭിക്കുന്നതിനിടെ, തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയിൽനിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇന്നലെ ലോക്‌സഭയിലുണ്ടായ അനിശ്ചിത സംഭവത്തിൽ ചർച്ച വേണമെന്ന് ഡെറിക് ഒബ്രിയാൻ ആവശ്യപ്പെട്ടിരുന്നു. ഉടൻ അദ്ദേഹത്തോട് സഭയിൽനിന്ന് പുറത്തുപോകാൻ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു.
ചെയറിനെ ധിക്കരിക്കുന്ന നടപടിയാണ് ഡെറക് ഒബ്രിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജഗ്ദീപ് ധൻഖർ പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും ഒബ്രിയനും മറ്റ് പ്രതിപക്ഷ എം.പിമാരും പ്രതിഷേധം തുടർന്നു. പാർലമെന്റിലെ സംഭവത്തിന് മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സുരക്ഷാവീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ധൻഖർ എം.പിമാർക്ക് വീണ്ടും ഉറപ്പ് നൽകി.
അതേസമയം, നിയമലംഘനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശിൽ മോഹൻ യാദവിന്റെയും ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായിയുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാൽ പ്രധാനമന്ത്രി ഇന്നലെ പാർലമെന്റിൽ ഉണ്ടായിരുന്നില്ല.