ന്യൂഡൽഹി - പാർലമെന്റിലുണ്ടായ കടുത്ത സുരക്ഷാ വീഴ്ചയെ ചോദ്യംചെയ്തുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള നാല് എം.പിമാർ അടക്കം അഞ്ച് എം.പിമാരെ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, തമിഴ്‌നാട്ടിൽ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സുരക്ഷാ വീഴ്ച രാജ്യസഭയിൽ ചോദ്യംചെയ്ത തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയാനെയും നേരത്തേ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാർലമെന്റിന്റെ ഇരു സഭകളിലുമുണ്ടായത്. ബഹളത്തെ തുടർന്ന് ലോക്‌സഭ മൂന്ന് മണി വരെ നിർത്തി വച്ചിരിക്കുകയാണ്.
സുരക്ഷാ വീഴ്ചയിൽ എട്ടു സെക്യൂരിറ്റി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തെങ്കിലും സുരക്ഷാ വീഴ്ചയിൽ കേന്ദ്രസർക്കാറിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണ്. ഗുരുതര വീഴ്ച ചൂണ്ടിക്കാണിക്കുന്ന ജനപ്രതിനിധികളെ സഭയിൽനിന്ന് പുറത്താക്കിയാണ് സർക്കാർ തിരിച്ചടിക്കുന്നത്.