ന്യൂദല്‍ഹി- ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടു. ഉമര്‍ ഖാലിദാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍ വലതുഭാഗത്തുനില്‍ക്കുന്നയാളാണ് വിദ്യാര്‍ഥി നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഉമര്‍ ഖാലിദിനെ തടഞ്ഞ് നിറയൊഴിച്ചത്. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ തടഞ്ഞപ്പോള്‍ തോക്ക് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു.