Sorry, you need to enable JavaScript to visit this website.

കുഞ്ഞേ മാപ്പ്, അതിദാരുണമായി കൊല്ലപ്പെട്ടിട്ടും നിന്റെ മൃതശരീരം പോലും ആര്‍ക്കും വേണ്ടാതായല്ലോ, കേരളത്തിലെ കണ്ണീര്‍ കാഴ്ചയാണിത്


കൊച്ചി - ദൈവത്തിന്റെ സ്വന്തം നാടിന് കരുണയില്ലാത്ത മറ്റൊരു മുഖം കൂടിയുണ്ട്, അതുകൊണ്ടാണ് കൊച്ചിയിലെ എളമക്കരയില്‍ അമ്മയുടെ ആണ്‍ സുഹൃത്ത് അതിദാരുണമായി കൊലപ്പെടുത്തിയ ഒന്നരമാസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം എറ്റെടുക്കാന്‍ പോലും ആളില്ലാതെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ് കിടക്കുന്നത്. പത്ത് ദിവസമായി ആ പിഞ്ഞു കുഞ്ഞിന്റെ ജീവനില്ലാത്ത ദേഹം തന്റെ അവകാശികള്‍ എത്തുന്നതും കാത്ത് കിടക്കുകയാണ്. ആരും വരില്ലെന്നായതോടെ അനാഥ മൃതദേഹമായി കണക്കാക്കി പോലീസും നഗരസഭയും ചേര്‍ന്ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയിലിലായതോടെ അച്ചനോടും അമ്മയുടെ ബന്ധുക്കളോടും മൃതദേഹം ഏറ്റവുവാങ്ങി സംസ്‌കരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സംസ്‌കാരം ഇനി അധികനാള്‍ വൈകിക്കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. പച്ചാളം പൊതു ശ്മശാനത്തില്‍ ആ കുഞ്ഞു ശരീരം അടുത്ത ദിവസം അലിഞ്ഞു ചേരും. അതിനുള്ള നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ആ കുഞ്ഞ് മൃതദേഹം ഇപ്പോള്‍ തണുത്തുറഞ്ഞു കിടക്കുന്നത്.

കേരളം ഞെട്ടിയ ക്രൂരമായ കൊലപാതകമാണ് ആ പിഞ്ഞു കുഞ്ഞിന്റേത്. കുട്ടിയുടെ അമ്മ അശ്വതിയുടെ സുഹൃത്തും പങ്കാളിയുമായ ഷാനിഫ് എന്ന യുവാവാണ് കുഞ്ഞിനെ തന്റെ കാല്‍മുട്ടു കൊണ്ട് ഇടിച്ച് തല തകര്‍ത്ത് അതി ക്രൂരമായി കൊലപ്പെടുത്തിയത്. എല്ലാം അമ്മ അശ്വതിയുടെ അറിവോടെയായിരുന്നു. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് എളമക്കരയിലെ ലോഡ്ജില്‍ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അശ്വതിക്ക് മറ്റൊരാളില്‍ ഉണ്ടായ കുഞ്ഞാണിത്. ഇയാളെ വിട്ട് സോഷ്യല്‍ മീഡിയില്‍ പരിചയപ്പെട്ട ഷാനിഫിനൊപ്പം അശ്വതി പോകുകയായിരുന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ അത് ബാധ്യതയാകുമെന്ന് കരുതിയ ഷാനിഫ് കുഞ്ഞിനെ പല തരത്തില്‍ പീഡിപ്പിച്ചിരുന്നു. ഒടുവില്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ലോഡ്ജില്‍ മുറിയെടുക്കുകയുും ചെയ്തു. 
മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്റെ  കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഷാനിഫും അശ്വതിയും ഇപ്പോള്‍ റിമാന്‍ഡിലാണ്. തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതേദഹം ഏറ്റുവാങ്ങി സംസ്‌കരിക്കനായി കുട്ടിയുടെ അച്ഛനെയും അമ്മയുടെ ബന്ധുക്കളെയും പോലീസ് സമീപിച്ചത്. എന്നാല്‍ തങ്ങള്‍ അതിന് തയ്യാറല്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

Latest News