ഗാസ: സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍ ചെയ്ത് ഗാസയില്‍ ഇസ്രായില്‍ സൈന്യം. നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും വെടിവെച്ചും ബോംബിട്ടും കൊല്ലുകയും താമസ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചും ഗാസയെ ശ്മശാന ഭൂമിയാക്കുന്നതിന് പുറമേ തുരങ്കങ്ങളിലേക്ക് കടല്‍ വെള്ളം നിറച്ച് പരിസ്ഥിതിയേയും തകര്‍ക്കുകയാണ് അവര്‍.
ഹമാസ് നിര്‍മിച്ച ഭൂഗര്‍ഭ തുരങ്ക സംവിധാനങ്ങളെന്ന് ആരോപിച്ചാണ് ഇസ്രായില്‍ സൈന്യം ഗാസ മുനമ്പിലെ കുഴികളിലേക്ക് കടല്‍ജലം പമ്പ് ചെയ്യുന്നത്. ഹമാസിന്റെ ഭൂഗര്‍ഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പ്രവര്‍ത്തകരെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്നാണ് ഈ നടപടിയെ ഇസ്രായില്‍ സൈന്യം വിശേഷിപ്പിക്കുന്നത്.
ഗാസ സിറ്റിയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിന് സമീപം അഞ്ച് വലിയ വാട്ടര്‍ പമ്പുകള്‍ സ്ഥാപിച്ചാണ് തുരങ്കങ്ങളിലേക്ക് ജലമടിക്കുന്നത്. മണിക്കൂറില്‍ ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ളമാണ് തുരങ്കങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്.
വ്യോമാക്രമണം, ദ്രവ സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം, നായ്ക്കള്‍, ഡ്രോണുകള്‍, റോബോട്ടുകള്‍ എന്നിവ തുരങ്കങ്ങളിലേക്ക് അയച്ച് പരിശോധന നടത്തുന്നതിന് പുറമേയാണ് കടല്‍ ജലം അടിച്ചു കയറ്റുന്നത്. തുരങ്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ സൈന്യം തയ്യാറായില്ല.
തുരങ്കങ്ങളിലേക്കും വലിയ കുഴികളിലേക്കും കടല്‍ ജലം പമ്പ് ചെയ്യുന്നത് ഗാസ മുനമ്പിലെ ഭൂഗര്‍ഭ ജലത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കടല്‍വെള്ളവും തുരങ്കങ്ങളിലെ അപകടകരമായ വസ്തുക്കളും ചേര്‍ന്നാല്‍ ഗാസയിലെ ജലാശയത്തിനും മണ്ണിനും വന്‍ നാശനഷ്ടങ്ങളാണ് സംഭവിക്കുക. അതോടൊപ്പം കെട്ടിടങ്ങളുടെ അടിത്തറയില്‍ കനത്ത ആഘാതവുമുണ്ടാകും. ബോംബിട്ട് നശിപ്പിക്കാത്ത മറ്റു കെട്ടിടങ്ങള്‍ക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
കടല്‍ വെള്ളം അടിച്ചു കയറ്റുന്നതോടെ ഫലസ്തീനിയന്‍ പ്രദേശങ്ങള്‍ നൂറു വര്‍ഷത്തേക്കെങ്കിലും ജീവിക്കാന്‍ സാധിക്കാത്തതായി മാറുമെന്നാണ് പരിസ്ഥിതി രംഗത്തുള്ളവര്‍ പറയുന്നത്. നാല്‍പ്പത് ദിവസങ്ങളെങ്കിലും കടല്‍ വെള്ളം അടിച്ചു കയറ്റിയാല്‍ മാത്രമേ ഇസ്രായിലിന് അവ നിറയ്ക്കാനാവുകയുള്ളുവെന്നാണ് ഫലസ്തീന്‍ പ്രദേശത്തെ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ എന്‍. ജി. ഒ ആയ ഫലസ്തീന്‍ ഹൈഡ്രോളജിസ്റ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ തമീമിയെ ഉദ്ധരിച്ച് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതി വഴി ഇതിനകം തന്നെ മലിനമായി കിടക്കുന്ന ഗാസയിലെ ഭൂഗര്‍ഭ ജലത്തെ കൂടുതല്‍ മലിനമാക്കാനാണ് ഇസ്രായിലിന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ണില്‍ ഉപ്പ് വര്‍ധിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീന്‍ വീടുകള്‍ തകരുന്നതിന് കാരണമാവുകയും ചെയ്യും.
ഇസ്രായിലിന്റെ ആക്രമണത്തില്‍ ഇതിനകം 18412 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 50,100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഗാസയിലെ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നത്. ഹമാസിന്റെ ആക്രമണത്തില്‍ 1200 പേരാണ് ഇസ്രായിലില്‍ കൊല്ലപ്പെട്ടത്.