ഗുണ്ടാപുരി-കൂടോത്രം സംശയിച്ച് ദമ്പതികളേയും പേരമകളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികളുടെ ആണ്‍മക്കളടക്കം ഒമ്പത് ബന്ധുക്കള്‍ പിടിയിലായി.
മഹാരാഷ്ട്രയിലെ ഗുണ്ടാപുരി ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ ആറിന് ചുറ്റികയും കത്തിയും ഉപയോഗിച്ചാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികളുടെ മകനാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കവെ, ദമ്പതികളുടെ മൂന്ന് ആണ്‍മക്കളും മരുമകനും മറ്റ് അഞ്ച് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കൂടോത്രം നടത്തുന്നതിനാല്‍ മകനും മറ്റ് കുടുംബാംഗങ്ങള്‍ക്കും അച്ഛനോട് കടുത്ത നീരസമുണ്ടായിരുന്നു. മന്ത്രാവാദം ഗ്രാമത്തില്‍ രോഗങ്ങള്‍ക്കും മരണത്തിനും ഇടയാക്കുമെന്ന് അവര്‍ വിശ്വസിച്ചു.
കൊല്ലപ്പെട്ടയാള്‍ക്ക് മന്ത്രവാദത്തില്‍ പങ്കുണ്ടെന്ന് ഗ്രാമവാസികള്‍ സംശയിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചതോടെയാണ് അന്വേണത്തില്‍ വഴിത്തിരിവായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ട ദവു കുമോട്ടി മന്ത്രവാദിയാണെന്ന് ഗുണ്ടാപുരി ഗ്രാമത്തില്‍ നിന്ന് പോലീസിന് സൂചന ലഭിച്ചു. പ്രദേശത്തെ പൂജാരിയായ ഇയാളുടെ പ്രവൃത്തികള്‍ രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുമെന്ന് ആളുകള്‍ വിശ്വസിച്ചു.
കൂടോത്രം ചെയ്യുന്ന ദേവു കുമോട്ടിയെ ഇല്ലാതാക്കന്‍ ഗ്രാമവാസികള്‍ മക്കളെയും മരുമകനെയും നിര്‍ബന്ധിച്ചിരുന്നതായി പോലീസ് പറഞ്ഞു. ദേവു കുമോട്ടിയെയും ഭാര്യയെയും ആക്രമിച്ച സമയത്ത് ഇവരുടെ പത്തുവയസ്സുള്ള കൊച്ചുമകള്‍ ഒപ്പമുണ്ടായിരുന്നു. കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് പെണ്‍കുട്ടിയേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.