കോട്ടക്കൽ- മുസ് ലിം ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ഇടതു മുന്നണിയുടെ പിന്തുണയോടെ അധികാരമേറ്റ കോട്ടക്കൽ നഗരസഭയിലെ ചെയർപേഴ്‌സണും വൈസ് ചെയർമാനും രാജിവെച്ചു. മുസ് ലിം ലീഗ് നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമുണ്ടായ തീരുമാന പ്രകാരമാണ് വിമത വിഭാഗത്തിന്റെ രാജി.
വിഭാഗീയത ശക്തമായതിനാൽ മുസ് ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതലയും നൽകി. ഡിസംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിലാണ് ലീഗ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ച് മുഹ്‌സിന പൂവൻമഠത്തിൽ ചെയർപേഴ്‌സണും മുൻ ഉപാധ്യക്ഷൻ കൂടിയായ പി.പി ഉമ്മർ ഉപാധ്യക്ഷനുമായത്. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറൽ സെക്രട്ടറി പി.കെ, കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പാർട്ടി വിപ്പ് ലംഘിച്ച് തെരഞ്ഞെടുക്കപ്പെട്ടവരോട് രാജിവയ്ക്കാൻ നിർദേശിച്ചത്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.ഹനീഷ ഒഴികെയുള്ള ബാക്കി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും രാജിവയ്ക്കും. ഇനി അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി നേരത്തെ പ്രഖ്യാപിച്ച ഡോ.ഹനീഷ ചെയർപേഴ്‌സണായും മുഹമ്മദ് ചെരട വൈസ് ചെയർമാനുമായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നഗരസഭാ ഭരണം തുടങ്ങിയത് മുതൽ തന്നെ അധ്യക്ഷയായ ബുഷ്‌റ ഷബീറും മുനിസിപ്പൽ മുസ് ലിം ലീഗ് കമ്മിറ്റിയും തമ്മിൽ രൂക്ഷമായ വിഭാഗീയത മറനീക്കി പുറത്തു വന്നതിനാലാണ് സമവായ നീക്കത്തിന്റെ അടിസ്ഥാനത്തിൽ, അധ്യക്ഷയായ ബുഷ്‌റ ഷബീറിനോടും വൈസ് ചെയർമാൻ പി.പി. ഉമ്മറിനോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ഇതിനിടെ പുതിയ അധ്യക്ഷയുടെ തെരഞ്ഞെടുപ്പാണ് നാടകീയ രംഗങ്ങൾക്ക് കാരണമായതും സി.പി.എം പിന്തുണയോടെ ലീഗ് വിമതർ ഭരണം പിടിച്ചതും. അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പുതിയ തെരഞ്ഞെടുപ്പ് നടക്കും.