Sorry, you need to enable JavaScript to visit this website.

അക്രമികൾ സഭയിലേക്ക് വന്നത് മൊബൈൽ ഫോണും തിരിച്ചറിയൽ രേഖയുമില്ലാതെ; ആക്രമണ പദ്ധതിയിട്ടത് ഓൺലൈൻ വഴി

- തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് പ്രതികളുടെ മൊഴി
- നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി, സംഘത്തിലുള്ളത് ആറുപേരെന്ന് പോലീസ്

ന്യൂഡൽഹി - പാർല്ലമെന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയിൽ അക്രമികൾ സഭയിൽ എത്തിയത് മൊബൈൽ ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും കൈയിൽ കരുതാതെയാണെന്ന് ഡൽഹി പോലീസ്. ഇവരുടെ കൈവശം ബാഗും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 
 സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയതെന്നും തങ്ങൾക്ക് പിന്നിൽ ഒരു സംഘടനയുമില്ലെന്നും ആരുമായും ബന്ധമില്ലെന്നുമാണ് ഇവരുടെ ആവർത്തിച്ചുള്ള വിശദീകരണം. പാർലമെന്റ് പരിസരത്ത് എത്തിയത് ആരുടെയും സഹായമില്ലാതെയാണെന്നുമാണ് ഇവരുടെ മൊഴി. എന്നാൽ, പോലീസ് ഇത് മുഖവിലക്കെടുത്തില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഡൽഹി പോലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. 
 സംഭവത്തിൽ ആറുപേർക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതിൽ നാലുപേർ പിടിയിലായെങ്കിലും രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ അഞ്ചാമൻ ഗുഡ്ഗാവ് സ്വദേശി ലളിത് ഝാ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ലോക്‌സഭയിൽ സ്‌പ്രേ പ്രയോഗിച്ച സാഗർ ശർമ ലഖ്‌നൗ സ്വദേശിയാണ്. അതിക്രമത്തിന് മുമ്പ് അഞ്ച് പേരും താമസിച്ചത് ലളിത് ഝായുടെ വീട്ടിലാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. 
 ആക്രമണത്തിന് ആറ് പേരും പദ്ധതിയിട്ടത് ഓൺലൈൻ വഴിയാണെന്നാണ് വ്യക്തമാകുന്നത്. അന്വേഷണ സംഘം പ്രതികളുടെ പശ്ചാത്തലം മനസ്സിലാക്കാൻ ഇവരുടെ നാട്ടിലേക്ക് തിരിച്ചതായും വിവരമുണ്ട്.
 സഭ നടക്കവെ, ശൂന്യവേളയിൽ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് സഭയുടെ നടുത്തളത്തിലേക്കും എം.പിമാർക്കും ഇടയിലേക്ക് ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബർ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാർ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോൾ ഇവരെ പിടികൂടി. ഒരാളെ എംപിമാർ പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അക്രമികൾ അംഗങ്ങൾ ഇരിക്കുന്നിടത്ത് കളർ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഷൂവിനുള്ളിൽ സ്‌പ്രേ ഒളിപ്പിച്ചാണ് ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. 

Latest News