കൊച്ചി- തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണ് 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 11 സീറ്റാണ് 17 സീറ്റായി വര്‍ധിപ്പിച്ചത്. 5 സീറ്റ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേല്‍ക്കോയ്മ നേടിയിട്ടുണ്ട്. 2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ട്. 33 സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയും തരംഗവും യു.ഡി.എഫിനുണ്ടായിട്ടുണ്ട്. 33ല്‍ 17 സീറ്റ് പിടിച്ചപ്പോള്‍ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും മറ്റൊരു സീറ്റ് 30 വോട്ടിനുമാണ് നഷ്ടമായത്. അത്രയും വലിയ വിജയമാണ് ലഭിച്ചത്.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് നവകേരള സദസില്‍ വന്ന് വിമര്‍ശിക്കാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമര്‍ശിക്കുന്നത് പോയിട്ട് സംസാരിച്ച ശൈലജ ടീച്ചറിനെയും റബര്‍ കര്‍ഷകരുടെ വിഷയം പറയാന്‍ ശ്രമിച്ച കോട്ടയം എം.പി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചു. കെ.എം മാണി സാറിന്റെ നാടായ പാലായില്‍ നവകേരള സദസ് നടക്കുമ്പോള്‍ സ്വഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകില്ല. 250 രൂപ വിലസ്ഥിരത നല്‍കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്കിയ 53 കോടി രൂപ മാത്രമാണ്. റബര്‍ കൃഷി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി. എല്‍.ഡി.എഫിലെ എം.എല്‍.എയും എം.പിയും പറയുന്നത് പോലും കേള്‍ക്കാനുള്ള മനസ് മുഖ്യമന്ത്രിക്കില്ല. അസഹിഷ്ണുതയാണ്. റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞ ചാഴിക്കാടനെ മുഖ്യമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ജനപ്രതിനിധികളോട് ഇത്ര അസഹിഷ്ണുതയില്‍ മുഖ്യമന്ത്രി പെരുമാറരുത്. തോമസ് ചാഴിക്കാടനോടും ശൈലജ ടീച്ചറിനോടും ചെയ്തത് തെറ്റാണ്. ഇങ്ങോട്ട് പറയുന്നത് കേള്‍ക്കണം, അങ്ങോട്ട് ഒന്നും പറയാന്‍ പാടില്ലെന്ന നിലാപാടിലാണ് മുഖ്യമന്ത്രി. ഈ സമീപനം ശരിയല്ലെന്ന് സതീശന് പറഞ്ഞു..