Sorry, you need to enable JavaScript to visit this website.

സ്‌ത്രീധന പീഡനങ്ങളുടെ കേരളം

മലയാളികളുടെ വിവാഹ സങ്കൽപത്തിൽ വലിയ മാറ്റങ്ങളൊന്നും ഇപ്പോഴുമുണ്ടായിട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ. മക്കളെ ഡോക്ടറോ, എൻജിനീയറോ ആക്കി മാറ്റിയാൽ എല്ലമായെന്നതാണല്ലോ പൊതുബോധം. ലോകത്ത് ഇതിലും കൂടുതൽ വരുമാനം വിദ്യാസമ്പന്നർക്ക് നേടിത്തരുന്ന  പല കോഴ്‌സുകളും പദവികളുണ്ടെന്നതൊന്നും നമുക്ക് വിഷയമല്ല. മകളെ കല്യാണം കഴിക്കാനെത്തുന്ന ചെറുക്കൻ ഡോക്ടറായിരിക്കണം. എങ്കിലേ നാലാളറിയുമ്പോൾ കുടുംബത്തിന്റെ പത്രാസ് കൂടുകയുള്ളൂ. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു മുസ്്‌ലിം പണ്ഡിതൻ സ്ഥിതി വിവര കണക്കുകളുദ്ധരിച്ച് ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാനിടയായി. എം.ബി.ബി.എസിന് ചേരുന്നതിൽ മുസ്്‌ലിം കുട്ടികൾ നൂറാണ്. ഇതിൽ എഴുപതും പെൺകുട്ടികളാണ്. വിദ്യാർഥിനികളുടെയെല്ലാം രക്ഷിതാക്കൾക്ക് മെഡിസിൻ ബിരുദമുള്ള വരനെ വേണം. ആവശ്യത്തിന് സപ്ലൈ ഇല്ലാത്ത എന്തിനും ഡിമാന്റേറി വില കൂടുമെന്നതാണല്ലോ സിമ്പിൾ ഇക്കണോമിക്‌സ്. എങ്ങനെയും സ്വന്തം കുട്ടിക്ക് ഡോക്ടറെ ഒപ്പിച്ചെടുക്കാൻ വ്യഗ്രതപ്പെടുന്ന രക്ഷിതാക്കൾ പ്രലോഭിപ്പിക്കുന്ന ഓഫറുകൾ ചെറുക്കന് നൽകുന്നു. മത്സരം മുറുകുമ്പോൾ ലോകത്തെ ഏറ്റവും വില കൂടിയ ആഡംബര കാറും ബംഗ്ലാവുകളും ഭൂമിയുമെല്ലാം വാരിക്കോരി നൽകുന്നു. ചിലപ്പോൾ കേരളത്തിന് പുറത്ത് കോടികൾ മുടക്കി പി.ജി സീറ്റാവും മണവാളൻ ആവശ്യപ്പെടുക. അതിനും രക്ഷിതാക്കൾ തയാർ. സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുകയെന്നതാണല്ലോ ആത്യന്തിക ലക്ഷ്യം. 
സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961 ൽ പാർലമെന്റ് പാസാക്കിയ ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ദാരുണ മരണങ്ങൾ ആവർത്തിക്കപ്പെടുന്നത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റമാണെങ്കിലും അതിപ്പോഴും തുടരുന്നു. വിസ്മയ, ഉത്ര, ഷബ്‌ന, ഷഹ്്‌ന പേരുകൾ മാത്രമാണ് മാറുന്നത്. വാരിക്കോരി സ്ത്രീധനം കൊടുക്കാനില്ലാത്തതിനാൽ തന്റെ സ്‌നേഹം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹനയാണ് ഒടുവിലത്തെ ഇര.  
'എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ് -എന്ന കുറിപ്പെഴുതിയിട്ടാണ് ഡോ. ഷഹന സ്വയം മരണം വരിച്ചത്.  പ്രണയം പോലും സ്ത്രീധനത്തിനു മുന്നിൽ കുമ്പിട്ട് മടങ്ങിയതിന്റെ മനോവേദനയിൽ നിന്നാണ് ആത്മഹത്യക്കു മുമ്പ് പണത്തെപ്പറ്റി പരാമർശിക്കുന്ന ആ വരികൾ എഴുതിയതെന്ന് മനസ്സിലാക്കാനാകും. 
കഴിഞ്ഞ വർഷം ജൂൺ 21 നാണ് കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ മെഡിസിൻ (ആയുർവേദം) വിദ്യാർഥിനി വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺ കുമാറിനെ കോടതി ശിക്ഷിക്കുകയും ചെയ്തു. പത്തു വർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചു വകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ കിരണിനെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന്  ജീവനൊടുക്കിയെന്നാണ് കേസ്. കിരൺ കുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ്. വിസ്മയയുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹ സമ്മാനമായി ലഭിച്ച കാറാണെന്ന് കേസിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ പോലീസ് കണ്ടെത്തിയിരുന്നു. വിവാഹ സമ്മാനമായി നൽകിയ കാർ മോശമാണെന്നും പറഞ്ഞ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കി. വിവാഹത്തിനു മുമ്പു തന്നെ തനിക്കിഷ്ടപ്പെട്ട രണ്ടു കാറുകളുടെ പേര് കിരൺ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടൽ കാലമായതിനാൽ വിസ്മയയുടെ വീട്ടുകാർക്ക് ആ കാറുകൾ കിട്ടിയതുമില്ല. 
കേരളത്തിലെ പെരുകുന്ന സ്ത്രീധന പീഡന കേസുകൾക്ക് തെക്ക്, വടക്ക് വ്യത്യാസമൊന്നുമില്ല. കൊല്ലം ജില്ലയിലെ സംഭവങ്ങളെ പോലെ വേദനിപ്പിക്കുന്ന അനുഭവമാണ് കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത ഗ്രാമത്തിൽ നിന്ന് കേട്ടത്. ഓർക്കാട്ടേരി കുന്നുമ്മക്കര തണ്ടാർകണ്ടിയിൽ ഹബീബിന്റെ ഭാര്യയും അരൂരിലെ പുളിയംവീട്ടിൽ കുനിയിൽ അമ്മതിന്റെ മകളുമായ ഷബ്‌ന (30) യാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഈ സംഭവത്തിൽ ഷബ്‌ന തന്നെ പകർത്തിയ തെളിവുകളാണ് ഒടുവിൽ പുറത്ത് വന്നത്. ഷബ്‌നയുടെ ഫോണിൽ നിന്നാണിത് ലഭ്യമായത്. 
ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ ചിത്രങ്ങളാണിത്.   പതിമൂന്ന് വർഷം മുമ്പാണ് ഷബ്‌നയും ഹബീബും വിവാഹിതരായത്. 120 പവൻ സ്വർണാഭരണം നൽകിയതായും ഷബ്‌നയുടെ വീട്ടുകാർ പറഞ്ഞു. സ്വന്തം വീട്ടിലെ ദൃശ്യങ്ങൾ ഭർത്താവായ ഹബീബിന് വിദേശത്ത് സിസിടിവിയിലൂടെ കാണാൻ കഴിഞ്ഞു. അശുഭകരമായതെന്തോ സംഭവിക്കുന്നുവെന്ന് സൂചന ലഭിച്ച ഹബീബിന് വനിത ഹെൽപ് ലൈനിലോ വടകര റൂറൽ എസ്.പി ഓഫീസിലോ വിളിച്ചു പറയാമായിരുന്നു. നിർണായകമായ മൂന്ന് മണിക്കൂറിനിടെ ഒരു പക്ഷേ, ജീവൻ രക്ഷിക്കാനും സാധിച്ചേനേ. മണിക്കൂറുകൾക്ക് മുമ്പ് ഷബ്‌ന മുറിയിൽ കയറി വാതിലടച്ചിട്ടും വീട്ടുകാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷബ്‌നയുടെ വീട്ടുകാർ പറയുന്നു.  ഷബ്‌നയുടെ പത്തു വയസ്സുകാരിയായ മകൾ പലവട്ടം ആവശ്യപ്പെട്ടിട്ടും മുറി തുറക്കാൻ വീട്ടുകാർ തയാറായില്ലെന്ന് അവൾ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു. പീഡനം തടയാൻ തയാറായില്ലെന്നും ഷബ്‌നയുടെ വീട്ടുകാർ പറഞ്ഞു. ഷബ്‌നയെ ഭർതൃവീട്ടുകാർ കൊല്ലാക്കൊല ചെയ്യുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി. സംസാരം കേട്ടിട്ട് യുവതി കുറച്ചു ബോൾഡാണെന്ന് മനസ്സിലാക്കാം. എന്നിട്ടും അറവുമാടുകളെ പോലെ കഴുത്തു വെച്ചു കൊടുത്തതെന്തിനെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. 
   പണത്തിനു പിന്നാലെയുള്ള ആർത്തിപിടിച്ചുള്ള ഓട്ടത്തിലാണ് എല്ലാവരും. മനുഷ്യ നന്മയും പരസ്പര സ്‌നേഹവുമെല്ലാം എങ്ങോ പോയ്മറഞ്ഞു.  വലിയ വീട്, വില കൂടിയ കാർ, ആഡംബര ജീവിത ശൈലി എന്നിവയില്ലെങ്കിൽ ജീവിതം തന്നെയില്ല എന്നൊരു ചിന്താഗതി വ്യാപകമാണ്. ഇത്  പുതിയ തലമുറയെയും ബാധിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്ന ദുരന്ത സംഭവങ്ങളാണ് തുടർച്ചയായി ഉണ്ടാകുന്നത്. ഇക്കാലത്ത് മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് പെൺകുട്ടികളുടെ വിവാഹത്തിനാണ്. ജീവിത കാലത്തെ അധ്വാന ഫലം മുഴുവൻ ഇതിനായി മാറ്റിവെക്കുന്നു. സർവീസിലുള്ളവരാണെങ്കിൽ പ്രോവിഡന്റ് ഫണ്ട് വഴി ലഭിക്കുന്ന തുകയത്രയും മകളുടെ വിവാഹത്തിന് ചെലവാക്കും.  മിക്ക വീടുകളിലും ഒന്നോ രണ്ടോ കുട്ടികളേ കാണുകയുള്ളൂ. 
കാളക്കച്ചവടത്തിലെന്ന പോലെ വിലപേശാൻ പലരും മടിക്കാത്തത് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പണ ത്തോടുള്ള അത്യാർത്തി എന്ന രോഗം മൂലമാണ്. സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കാൻ തയാറല്ലെന്ന് ധൈര്യപൂർവം പറയാനും അതനുസരിച്ച് പ്രവർത്തിക്കാനും പെൺകുട്ടികൾ മനസ്സ് കാട്ടണം. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിലെ പെൺകുട്ടികളെ ഓർമപ്പെടുത്തിയതും. 
ഏഴു വർഷത്തിനിടെ 92 സ്ത്രീധന പീഡനം സഹിക്കാതെയുള്ള മരണങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും ആയിരക്കണക്കിന് വേറെയും. കഴിഞ്ഞ 15 വർഷത്തിനിടെ 247 ജീവനുകൾ പൊലിഞ്ഞു. വരന് സ്വർണവും പണവും ആഡംബര വാഹനങ്ങളും  നൽകി സമൂഹത്തിൽ കുടുംബ മഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ സ്ത്രീധന നിരോധന നിയമം കടലാസിൽ ഒതുങ്ങി. സ്ത്രീധന പീഡനം സഹിക്കാതെ വിവാഹ ബന്ധം വേർപെടുത്തുന്നതും ഉയരുകയാണ്. 
കേരളത്തിൽ 28 കുടുംബ കോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്. ഇന്ത്യൻ ശിക്ഷ നിയമത്തിലും (ഐ.പി.സി) ക്രിമിനൽ ശിക്ഷ നിയമത്തിലും (സി.ആർ.പി.സി) ഇത്തരം കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. വാറന്റ് പുറപ്പെടുവിക്കാൻ അധികാരമുള്ള വനിത കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളുമുണ്ട്. എന്നിട്ടും ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. പ്രണയവും ബി.എം.ഡബ്ല്യൂവും ഒരുമിച്ച് പോകില്ലെന്ന് യുവതലമുറ മനസ്സിലാക്കണം. നിസ്സാര കാര്യത്തിന് ജീവനൊടുക്കുന്ന  പെൺകുട്ടികൾ അൽപം വിവേകവും ധൈര്യവും പ്രകടിപ്പിക്കണം. സ്ത്രീധനമുള്ള വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് വിവിധ മതനേതൃത്വങ്ങൾ തീരുമാനിക്കാൻ തയാറാവുക കൂടി ചെയ്താൽ കേരളം രക്ഷപ്പെട്ടു.

Latest News