തിരുവനന്തപുരം - ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട പണത്തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഇതിന് ശേഷം ഇയാളുടെ കഴുത്തില്‍ കത്തിവെച്ച് ഭാര്യയെ വീഡിയോ കോളില്‍ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി അശോകന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. അശോകന്‍ രണ്ട് കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലും ക്രൂര മര്‍ദനത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പേട്ട ആനയറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മധു മോഹന്‍ എന്നയാളെയാണ് പണത്തിനായി തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയിരുന്നു. ഇതിനായി തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവിന് മധു മോഹന്‍ പണം നല്‍കിയിരുന്നു. ഈ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. തമിഴ്‌നാട്ടിലെ മധുരയിലെത്തിച്ചശേഷം മധുമോഹനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ ഭാര്യയെ വീഡിയോ കോള്‍ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. മധു മോഹന്റെ കഴുത്തില്‍ കത്തിവെച്ചാണ് വീഡിയോ കാള്‍ ചെയ്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ പോലീസ് മധുരയിലെ ഇവരുടെ ഒളി സങ്കേതത്തില്‍ എത്തിയപ്പോള്‍ മധു മോഹനെ ഉപേക്ഷിച്ച് ഗുണ്ടകള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. ആറു പേരാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ളതെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.