പാരീസ്- പാരീസിലെ പ്രശസ്തമായ റിറ്റ്സ് ഹോട്ടലിലെത്തിയ ഒരു അതിഥിയുടെ കൈയില്‍ നിന്നും കാണാതായ ആറേ മുക്കാല്‍ കോടി രൂപ വില വരുന്ന മോതിരം ഒടുവില്‍ കണ്ടെത്തി. ഹോട്ടലിലെ അതിഥിയായ മലേഷ്യന്‍ വ്യവസായിയായ യുവതിയുടെ മോതിരമാണ് കാണാതായത്. മോതിരം ഒരു ഹോട്ടല്‍ ജീവനക്കാരന്‍ മോഷ്ടിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വാക്വം ക്ലീനറില്‍ നിന്നും മോതിരം കണ്ടെത്തിയത്. റിസ്റ്റ്സ് ഹോട്ടലിലെ സുരക്ഷാ ഗാര്‍ഡുകളാണ് മോതിരം വാക്വം ക്ലീനറില്‍ നിന്നും കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാക്വം ക്ലീനറിലെ പൊടികള്‍ക്കിടയില്‍ നിന്നും മോതിരം കണ്ടെടുക്കുന്നതിന് മുമ്പ് തന്നെ മോതിരത്തിന്റെ ഉടമ ലണ്ടനിലേക്ക് പോയിരുന്നെങ്കിലും മോതിരം വാങ്ങാനായി ഇവര്‍ പാരീസിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോതിരത്തിന്റെ ഉടമയ്ക്ക് മൂന്ന് രാത്രി കൂടി താമസിക്കാനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. 'സെക്യൂരിറ്റി ഗാര്‍ഡുകളുടെ സൂക്ഷ്മമായ ജോലിക്ക് നന്ദി. മോതിരം ഇന്ന് രാവിലെ കണ്ടെത്തി. മോതിരം കണ്ടെത്താന്‍ ശ്രമിച്ച റിറ്റ്സ് പാരീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ സമഗ്രമായും പ്രൊഫഷണലിസത്തോടെയും പെരുമാറി.' ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിംഗിന് പോകുമ്പോള്‍ മോതിരം തന്റെ മുറിയിലെ മേശപ്പുറത്ത് ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ച് വന്നപ്പോള്‍ അത് മോശപ്പുറത്ത് ഇല്ലായിരുന്നെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. റിറ്റ്സ് ഹോട്ടലില്‍ നിന്നും ആദ്യമായല്ല ആഭരണങ്ങള്‍ മോഷണം പോകുന്ന വാര്‍ത്ത പുറത്ത് വരുന്നത്.