ന്യൂദല്‍ഹി-കേരളത്തിന് അര്‍ഹമായ സാമ്പത്തികവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നല്‍കുന്നതില്‍നിന്ന് യുഡിഎഫ് എംപിമാര്‍ ഒഴിഞ്ഞുമാറിയതായി എല്‍ഡിഎഫ് എം പിമാര്‍ ആരോപിച്ചു. വിഷയത്തില്‍ ഒരാഴ്ച കാത്തു നിന്ന് ശേഷം ചൊവ്വാഴ്ച ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് നിവേദനം നല്‍കിയതായി സി പി എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം അറിയിച്ചു. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ് എംപിമാര്‍ സംസ്ഥാനതാല്‍പര്യം മാനിക്കാതെ ഇതേനിലപാട് സ്വീകരിച്ചിരുന്നുവെന്നും എളമരം കരീം പറഞ്ഞു. തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകള്‍ ഉടന്‍ നല്‍കുക, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് പിന്‍വലിക്കുക, ദേശീയപാത നിര്‍മാണത്തിനായി കേരളം ചെലവിട്ട തുക സമയബന്ധിതമായി അധിക വായ്പയെടുക്കാന്‍ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം എല്ലാ കക്ഷികളിലേയും എംപിമാര്‍ ചേര്‍ന്ന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്ച യുഡിഎഫ് എംപിമാര്‍ക്ക് കൈമാറിയിരുന്നതായും എളമരം കരീം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് എംപിമാര്‍ നിവേദനം മടക്കിനല്‍കി. പിന്നീട് ഈ ഭാഗം ഒഴിവാക്കി നിവേദനം വീണ്ടും നല്‍കി. എന്നാല്‍ സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികള്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംപിമാര്‍ മുന്നോട്ടുവരികയായിരുന്നു, നിവേദനം നല്‍കാന്‍ സഹകരിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് അവര്‍ ഉപാധിവച്ചു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ചേര്‍ന്ന് നിവേദനം മന്ത്രിക്ക് നല്‍കുകയായിരുന്നുവെന്ന് എളമരം കരീം പറഞ്ഞു. എളമരം കരീമിന് പുറമെ ബിനോയ് വിശ്വം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹിം, പി സന്തോഷ്‌കുമാര്‍, എ എം ആരിഫ്, ജോസ് കെ മാണി എന്നിവരാണ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.