ഭുവനേശ്വർ - നവജാത ശിശുവിനെ തുറന്ന കുഴൽക്കിണറിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരുപത് അടിയോളം താഴ്ചയുള്ള കുഴൽകിണറിലാണ് കുഞ്ഞിനെ കണ്ടത്.
ഭുവനേശ്വറിലെ സംബൽപൂർ ജില്ലയിലെ റെഗാലിക്ക് സമീപമുള്ള ലാരിപാലി പ്രദേശത്തെ കുഴൽക്കിണറിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വഴിയാത്രക്കാരാണ് കുട്ടിയുടെ കരച്ചിൽ കേട്ട് അഗ്‌നിശമന സേനയെയും പ്രാദേശിക ഭരണകൂടത്തെയും വിവരം അറിയിച്ചത്. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.