Sorry, you need to enable JavaScript to visit this website.

രാജധര്‍മം ഉണര്‍ത്തി; വാജ്‌പേയി ഇരയായി

ഗുജറാത്ത് വംശഹത്യക്ക് ശേഷം 2002 ഏപ്രില്‍ നാലിന് ഗുജറാത്ത് സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയും പങ്കെടുത്ത പത്രസമ്മേളനമായിരുന്നു വേദി. ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍നിന്ന് ചോദ്യം ഉയര്‍ന്നു. രാജധര്‍മം ഉണര്‍ത്തുന്നു സൗമ്യനായി വാജ്‌പേയിയുടെ മറുപടി എന്നായിരുന്നു. താന്‍ രാജധര്‍മം പാലിക്കുന്നുവെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് അന്ന് മോഡി അതിനെ വീണതു വിദ്യയാക്കിയെങ്കിലും അതൊരു പകയുടെ തുടക്കമായിരുന്നു. പിന്നീട് വളരെ വേഗത്തിലാണ് വാജ്‌പേയി ഒതുക്കപ്പെട്ടത്. ഹിന്ദുത്വരാഷ്ട്രീയം ആത്മാവില്‍ കൊണ്ടുനടന്ന വാജ്‌പേയി, അതിനപ്പുറം ഒരു സഹൃദയനായും വിലയിരുത്തപ്പെട്ടിരുന്നു. കവി കൂടി ആയിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരിലൊരാളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. വിദ്യാര്‍ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 50 വര്‍ഷം പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ അദ്ദേഹത്തിനു സാധിച്ചു.
1924 ഡിസംബര്‍ 25ന് കൃഷ്ണ ബിഹാരിയുടേയും കൃഷ്ണാ ദേവിയുടേയും മകനായി ജനിച്ച വാജ്‌പേയി ഭാരതീയ ജനസംഘത്തിലൂടെയാണ്  രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.  മികച്ച പത്ര പ്രവര്‍ത്തകനായി പേരെടുത്ത അദ്ദേഹം  രാഷ്ട്രധര്‍മ, പാഞ്ചജന്യ, സ്വദേശ്, വീര അര്‍ജുന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു
ജനസംഘത്തിന്റെ സ്ഥാപകാംഗമായും ഡോ. ശ്യമ പ്രസാദ് മുഖര്‍ജിയുടെ   സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം 1957ല്‍ ലോക്‌സഭാംഗമായി തന്റെ പാര്‍ലമെന്റെറി ജീവിതം ആരംഭിച്ചു. കന്നി പ്രസംഗത്തിലൂടെ തന്നെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ പ്രശംസ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 1977ല്‍ ജനത പാര്‍ട്ടി ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ടിച്ചു. 1980ല്‍ ജനത പാര്‍ട്ടി തകര്‍ന്ന്  ബി.ജെപി രൂപമെടുത്തപ്പോള്‍ ആദ്യത്തെ അധ്യക്ഷനായി വാജ്‌പേയി തന്നെ തെരഞ്ഞെടുക്കപ്പെട്ടു.
1996 ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും കേന്ദ്രത്തില്‍ ശക്തമായ ഒരു സഖ്യമുണ്ടാക്കിയെടുക്കാന്‍ വാജ്‌പേയിക്ക് കഴിഞ്ഞില്ല. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ 13 ദിവസത്തിന് ശേഷം വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. രാജിവെച്ചതിനു ശേഷം അദ്ദേഹം പറഞ്ഞത്   ശക്തിയാര്‍ജിച്ചു ഞങ്ങള്‍ തിരിച്ചുവരും എന്നാണ് . അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. 1998ല്‍ 13 പാര്‍ട്ടികളുടെ പിന്തുണയോടെ വാജ്‌പേയി പ്രധാന മന്ത്രി പദത്തിലെത്തി. പക്ഷെ 13 മാസത്തെ ഭരണത്തിനൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പിന്തുണ പിന്‍വലിച്ചതോടെ വാജ്‌പേയിക്ക് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്‌നിന്ന് പടിയിറങ്ങേണ്ടി വന്നു
1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍  സഖ്യ കക്ഷികളുടെ പിന്തുണയോടെ അദ്ദേഹം വീണ്ടും മന്ത്രി സഭ രൂപികരിച്ചു. വാജ്‌പേയിയുടെ നയതന്ത്രജ്ഞതയില്‍  പൊഖ്‌റാന്‍ ആണവ സ്‌ഫോടനം, കാര്‍ഗില്‍ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയില്‍ രാജ്യം ശക്തി തെളിയിച്ചു.
എന്നാല്‍ 2002 ലെ ഗുജറാത്ത് കലാപത്തില്‍ വാജ്‌പേയി പാലിച്ച നിശബ്ദത അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു. 1999 ല്‍ തീവ്രവാദികള്‍ റാഞ്ചിയ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ തടവിലായിരുന്ന തീവ്രവാദികളെ വാജ്‌പേയിക്ക് മോചിപ്പിക്കേണ്ടി വന്നു. 2001 ല്‍ പാക് ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ചതും വാജ്‌പേയിക്ക് തിരിച്ചടിയായി.
2004 ല്‍ വീണ്ടും അധികാരത്തിലെത്താമെന്ന ഉറപ്പോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വന്‍ തിരിച്ചടിയാണ് എന്‍.ഡി.എക്ക് നേരിടേണ്ടി വന്നത്. അതോടെ പ്രതിപക്ഷ  സ്ഥാനം അദ്വാനിക്ക് കൈമാറി വാജ്‌പേയി മാറിനിന്നു. പിന്നീട് 2005 ല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഒഔദ്യോഗികമായി പ്രഖ്യാപിച്ചു.  2009 ല്‍ ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി പദവിയില്‍ എത്തിയ ബിജെപി നേതാവാണ് വാജ്‌പേയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും ഒരു ശക്തികേന്ദ്രമാവില്ലെന്ന് കരുതിയിരുന്ന ഒരു പാര്‍ട്ടിയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതില്‍ വാജ്‌പേയി വഹിച്ച പങ്ക് ചെറുതല്ല.
മൂന്ന് തവണ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ എത്തിയവര്‍ തന്നെ ചുരുക്കം പേരാണ്. എന്നാല്‍ മൂന്ന് തവണയാണ് എവി വാജ്‌പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ രണ്ട് തവണയും അദ്ദേഹത്തിന് കാലാവധി തികയ്ക്കാന്‍ സാധിച്ചില്ല എന്നത് വേറെ കാര്യം.
നെഹ്‌റുവിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ആരും തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്‍ എത്തിയിരുന്നില്ല. ആ റെക്കോര്‍ഡ് തകര്‍ത്തതും വാജ്‌പേയി ആയിരുന്നു. 1998 ലും 199ലും അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് മന്‍മോഹന്‍സിങും ഇതേ റെക്കോര്‍ഡിന്റെ ഭാഗമായി.

 

Latest News