Sorry, you need to enable JavaScript to visit this website.

വാക്കു പാലിച്ചാൽ ആരായാലും വോട്ട് റെഡി- ബിഷപ്പ് ജോസഫ് പാംപ്ലാനി; കർഷകരുടേത് ജീവിക്കാനുള്ള നിലവിളിയെന്ന് താമരശ്ശേരി ബിഷപ്പ്  

കണ്ണൂർ - വാഗ്ദാനങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇനി മുതൽ അതിജീവനം മാത്രമാണ് കർഷകന്റെ രാഷ്ട്രീയമെന്നും ചങ്ക് എത്രയായാലും പറഞ്ഞ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
  കർഷകന് നൽകാനുള്ളത് നൽകിയിട്ട് മതി ശമ്പള വിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേയ്ക്ക് സർക്കാരുകൾ മാറണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഇതിന്റെ പത്തിലൊന്ന് പോലും വേണ്ടാ ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
 ഒരു ചങ്കോ, രണ്ടു ചങ്കോ ഉണ്ടാവട്ടെ, റബ്ബറിന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണം. കേരളം പ്രഖ്യാപിച്ച 250 രൂപ തന്നാൽ ഇപ്പോൾ ഭരിക്കുന്നവർക്കൊപ്പം നിൽക്കും. കേന്ദ്രത്തോട് നമ്മൾ നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ അവർക്കായിരിക്കും വോട്ട്. കോൺഗ്രസുകാർ സഹായിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
  ജീവിക്കാനുള്ള നിലവിളിയാണ് കാർഷിക മേഖലയിൽ നിന്ന് ഉയരുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ജോസ് ഇഞ്ചനാനിയിൽ പറഞ്ഞു. അതിരൂപതാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു.
  ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആമുഖ ഭാഷണം നടത്തി. തലശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി പുഞ്ചകുന്നേൽ വിഷയാവതരണം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, രാജീവ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് കാവനാടി, പ്രഫ. ജോബി കാക്കശേരി, ബെന്നി മാത്യു, ബെന്നി പുതിയാമ്പുറം, പ്രഫ. ജോസ്‌കുട്ടി ഒഴുകയിൽ പ്രസംഗിച്ചു.
 

Latest News