ഭോപ്പാൽ - മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചാം ഊഴം പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാന്റെ പടിയിറങ്ങലിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സ്ത്രീ വോട്ടർമാർ. നാലുതവണ മദ്ധ്യപ്രദേശിനെ നയിച്ച് ബി.ജെ.പിക്കു തിളക്കമാർന്ന നേട്ടമുണ്ടാക്കിയ ചൗഹാനെ തഴഞ്ഞ് ഇന്നലെ പാർട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.
പാർട്ടി അണികളും അല്ലാത്തവരും ഉദ്യോഗസ്ഥരുമെല്ലാം ചൗഹാനുമായി വികാരനിർഭരമായ നിമിഷങ്ങളാണ് പങ്കുവെച്ചത്. ചൗഹാന്റെ വസതിയിലെത്തിയ ബി.ജെ.പി അനുകൂലികളായ വനിതകൾ മുഖ്യമന്ത്രിസ്ഥാനം തട്ടിത്തെറിപ്പിക്കപ്പെട്ടതിൽ കടുത്ത രോഷത്തോടൊപ്പം പൊട്ടിക്കരഞ്ഞും ചൗഹാനെ കെട്ടിപ്പിടിച്ചുമാണ് തങ്ങളുടെ സങ്കടം പങ്കിട്ടത്.
ആൾക്കൂട്ടത്തിനിടെ, തന്റെ നെഞ്ചിൽ തല ചായ്ച്ച് പൊട്ടിക്കരയുന്ന സ്ത്രീകളെ ശിവരാജ് സിങ് ചൗഹാൻ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 'താങ്കൾ വീണ്ടും മുഖ്യമന്ത്രിയായി നാടിനെ സേവിക്കുമെന്ന് കരുതിയാണ് ഞങ്ങൾ വോട്ടുചെയ്തത്. നിങ്ങൾ എല്ലാവരേയും സ്‌നേഹിച്ചിരുന്നു. അതിനാലാണ് ഞങ്ങൾ നിങ്ങൾക്ക് വോട്ടുചെയ്തത്. താങ്കൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്ന്' പറഞ്ഞാണ് പലരും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞത്. മദ്ധ്യപ്രദേശിൽ ബി.ജെ.പിക്കു മേൽവിലാസമുണ്ടാക്കിയ ശിവരാജ് സിംഗ് ചൗഹാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തരമന്ത്രി അമിത് ഷായും തന്ത്രപരമായ കരുക്കളിലൂടെയാണ് വെട്ടി കാര്യങ്ങൾ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കിയത്. ഇതിനെതിരെ ചൗഹാൻ അനുകൂലികളിൽ കടുത്ത അസംതൃപ്തിയാണുള്ളത്. വരാനിരിക്കുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ ഈ അസംതൃപ്തി പ്രതിഫലിച്ചേക്കുമെന്നാണ് വിവരം.